സിഡ്നി: ന്യൂസീലൻഡിലെ മുസ്‍ലിംപള്ളികളിൽ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നത് വിശ്വസിക്കാനാകാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ന്യൂസീലൻഡ് പര്യടനത്തിലുള്ള ബംഗ്ലാദേശ് ടീം ആക്രമണംനടന്ന ക്രൈസ്റ്റ്ചർച്ചിലെ അൽ നൂർ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കെത്തിയിരുന്നു. എന്നാൽ, പള്ളിക്കുള്ളിൽ വെടിവെപ്പ് നടക്കുന്നുവെന്നുപറഞ്ഞ് ഒരു സ്ത്രീ ടീമംഗങ്ങളെ തടയുകയായിരുന്നുവെന്ന് മാധ്യമപ്രവർത്തകനായ മുഹമ്മദ് ഇസ്ലാം പറഞ്ഞു.

‘അഞ്ചുമിനിറ്റുമുമ്പ്‌ ഞങ്ങൾ പള്ളിയിലെത്തിയിരുന്നതെങ്കിൽ ആക്രമണത്തിന് ഇരകളായേനെ’ -ബംഗ്ലാദേശ് ടീം മാനേജർ ഖാലിദ് മഷൂദ് പറഞ്ഞു. വെടിവെപ്പ് ആരംഭിക്കുമ്പോൾ പള്ളിയിൽനിന്ന് 45 മീറ്റർമാത്രം അകലെയായിരുന്നു ഞങ്ങൾ. ടീമംഗങ്ങളും ജീവനക്കാരുമുൾപ്പെടെ 17 പേർ ബസിലുണ്ടായിരുന്നു. വെടിയൊച്ച കേട്ടതിനെത്തുടർന്ന് ടീമംഗങ്ങൾ ബസിൽ നിലത്തുകിടന്നു. പിന്നീട് ഹോട്ടലിലേക്ക് തിരികെപ്പോയി. കളിക്കാർ ബസിനുള്ളിൽ കരയുകയായിരുന്നുവെന്നും സംഭവത്തിൽ പരിക്കേറ്റില്ലെങ്കിലും അവർക്ക് മാനസികാഘാതമുണ്ടായിട്ടുണ്ടെന്നും മഷൂദ് കൂട്ടിച്ചേർത്തു.

ന്യൂസീലൻഡ്-ബംഗ്ലാദേശ് മൂന്നാംടെസ്റ്റ് മത്സരം നടക്കാനിരുന്ന ഓവലിൽ വാർത്താസമ്മേളനം നടത്തിയശേഷമായിരുന്നു ടീം പ്രാർഥനയ്ക്കായി തിരിച്ചത്. ‘‘വെടിവെപ്പിൽനിന്ന് രക്ഷപ്പെട്ടു. പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണം” -ബംഗ്ലാദേശ് ഓപ്പണിങ് ബാറ്റ്സ്മാൻ തമീം ഇഖ്ബാൽ ട്വിറ്ററിൽ പറഞ്ഞു. ‘ദൈവത്തിന് സ്തുതി, വെടിവെപ്പിൽനിന്ന് ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു. ഇനിയൊരിക്കലും ഇത്തരം കാര്യങ്ങളുണ്ടാകരുത്’ -മറ്റൊരു താരമായ മുഷ്‍ഫിഖുർ റഹീം പറഞ്ഞു.