കാഠ്മണ്ഡു: ആർത്തവസമയത്ത് അശുദ്ധിയുടെപേരിൽ വായുസഞ്ചാരമില്ലാത്ത കുടിലിൽ മാറിത്താമസിക്കേണ്ടിവന്ന നേപ്പാളി വീട്ടമ്മയും രണ്ടുമക്കളും ശ്വാസംമുട്ടിമരിച്ചു. പടിഞ്ഞാറൻ നേപ്പാളിലെ ബാജുര ജില്ലയിലാണ് സംഭവം. 35-കാരിയായ അംബ ബൊഹാറയും 12-ഉം ഒമ്പതും വയസ്സുള്ള ആൺകുട്ടികളുമാണ് മരിച്ചത്.
മാസമുറക്കാലത്ത് സ്ത്രീകളെ വീട്ടിൽനിന്ന് ദൂരേയുള്ള കുടിലുകളിലേക്ക് മാറ്റുന്ന പ്രാകൃതരീതി നേപ്പാളിൽ ഇപ്പോഴും പലയിടത്തും തുടരുന്നുണ്ട്. വായുസഞ്ചാരം തീരെകുറഞ്ഞ ചെറിയ കൂരകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ‘ചൗപഡി’ എന്നാണ് ഇതിനുപറയാറുള്ളത്. ഈ സമയത്ത് അയിത്തം കല്പിക്കപ്പെടുന്നതിനാൽ ഇവർക്ക് സ്വന്തംവീട്ടിലെ ഒരു സാധനവും ഉപയോഗിക്കാൻപാടില്ല. ചൗപഡി താമസം സർക്കാർ നിയമംമൂലം നിരോധിച്ചിട്ടുമുണ്ട്.
കനത്ത മഞ്ഞുവീഴ്ചയിൽ കൂരയിൽ ചൂട് നിലനിർത്താൻ തീകൂട്ടിയതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അംബ ബൊഹാറയുടെ ഭർതൃമാതാവ് പിറ്റേന്ന് കൂര തുറന്നപ്പോഴാണ് സംഭവമറിയുന്നത്. ഇവരുപയോഗിച്ച പുതപ്പ് പകുതി കരിഞ്ഞിട്ടുണ്ടെന്നും അംബ ബൊഹാറയുടെ കാലിന് പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ് മേധാവി ഉദ്ധവ് സിങ് ഭട്ട് പറഞ്ഞു.
പ്രാകൃതമായ ചൗപഡി താമസം 2005-ലാണ് സർക്കാർ നിരോധിച്ചത്. എന്നാൽ, ഒറ്റപ്പെട്ട പ്രദേശങ്ങളിലും പടിഞ്ഞാറൻ ഗ്രാമങ്ങളിലും ഇതിപ്പോഴും തുടരുന്നുണ്ട്. തുടർന്ന് 2017-ൽ സർക്കാർ ഇത് ക്രിമിനൽക്കുറ്റമാക്കി. ആചാരം പിന്തുടരുന്നവരെ മൂന്നുമാസം തടവിന് ശിക്ഷിക്കാനും 3000 രൂപ പിഴയീടാക്കാനും നിയമമുണ്ട്.
നേപ്പാളിൽ നേരത്തേയും ഇത്തരം കൂരകളിൽ മരണം റിപ്പോർട്ടുചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം 21-കാരി കുടിലിൽ ശ്വാസംമുട്ടിമരിച്ചിരുന്നു. നേരത്തേ ഒരു സ്ത്രീ പാമ്പുകടിയേറ്റും മരിച്ചു. ചൗപഡി താമസം നിരോധിക്കാൻ നിയമം കർശനമായി നടപ്പാക്കണമെന്നും ഇല്ലെങ്കിൽ ആചാരസംരക്ഷണത്തിന്റെ പേരിൽ ഇനിയും സ്ത്രീകൾ മരിക്കാനിടവരുമെന്നും നേപ്പാൾ ദേശീയ മനുഷ്യാവകാശകമ്മിഷൻ മൊഹ്ന അൻസാരി മുന്നറിയിപ്പുനൽകി.
content highlights: Nepal woman and children die in banned 'menstruation hut'