കാഠ്മണ്ഡു: രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനെ നേപ്പാൾ ജയിലിലടച്ചു. കാനഡ സ്വദേശി പീറ്റർ ജോൺ ഡാൽഗിഷിനെയാണ് (62) ശിക്ഷിച്ചത്. 2018-ൽ അറസ്റ്റുചെയ്ത ഡാൽഗിഷിന്റെ പേരിൽ കഴിഞ്ഞമാസമാണ് കുറ്റംചുമത്തിയത്.
പന്ത്രണ്ടും പതിന്നാലും വയസ്സുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. ഇതിന് യഥാക്രമം ഒമ്പതും ഏഴും വർഷം ജയിൽശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയോ എന്നതിൽ വ്യക്തതയില്ല. ഇരകളായ രണ്ടുകുട്ടികൾക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരവും നൽകണം.
അറസ്റ്റിലാവുമ്പോൾ രണ്ടുകുട്ടികളും ഡാൽഗിഷിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നു. എന്നാൽ, കോടതിയിൽ ഇയാൾ കുറ്റംനിഷേധിച്ചു. കേസന്വേഷണം സുതാര്യമായിരുന്നില്ലെന്നും വിധിക്കെതിരേ അപ്പീൽ പോവുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
1980 മുതൽ യു.എന്നിൽ മനുഷ്യാവകാശവിഭാഗത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഡാൽഗിഷ്, സഹപ്രവർത്തകർക്കിടയിൽ ഏറെ അഭിമതനായിരുന്നു. യു.എന്നിന്റെ ലോകത്തെമ്പാടുമായുള്ള വിവിധപദ്ധതികളിൽ പ്രവർത്തിച്ചു. പ്രതികൂലസാഹചര്യത്തിൽ വളരുന്ന കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് 2016-ൽ കാനഡ രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് കാനഡ നൽകി ഇയാളെ ആദരിച്ചിരുന്നു.
1980-ൽ ‘സ്ട്രീറ്റ് കിഡ്സ് ഇന്റർനാഷണൽ’ സ്ഥാപിക്കാനും മുൻകൈയെടുത്തു. സംഘടന പിന്നീട് ‘സേവ് ദ ചിൽഡ്രനി’ൽ ലയിച്ചു. 2015-ൽ യു.എൻ. ഏജൻസിക്കുവേണ്ടി അഫ്ഗാനിസ്താനിലും നേതൃത്വപദവി വഹിച്ചു. രണ്ടായിരത്തിന്റെ തുടക്കത്തിൽ നേപ്പാളിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഉപദേശകനുമായിരുന്നു.
Content highlights: Nepal, UN, Rape