കാഠ്മണ്ഡു: ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുത്തൻ ഭൂപടം ഐക്യരാഷ്ട്രസഭ ഏജൻസികൾക്കും ഗൂഗിളിനും അയക്കുമെന്ന് നേപ്പാൾ. കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നിവയുൾപ്പെടുന്ന ഭൂപടത്തിന് അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയെടുക്കുകയാണ് ലക്ഷ്യം. ഈമാസം പകുതിയോടെ യു.എൻ. ഏജൻസികൾക്കും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യാന്തരസമൂഹത്തിനും ഭൂപടം അയക്കുമെന്ന് നേപ്പാൾ ഭൂവിനിയോഗവകുപ്പുമന്ത്രി പത്മ ആര്യാൽ പറഞ്ഞു.
ഇതിനായി ഭൂപടത്തിന്റെ ഇംഗ്ലീഷിലുള്ള 4000 പകർപ്പ് അച്ചടിച്ചുനൽകാൻ കണക്കെടുപ്പുമന്ത്രാലയത്തിന് നിർദേശം നൽകി. ഭൂപടത്തിന്റെ 25,000 മാതൃകകൾ അച്ചടിച്ച് രാജ്യമെന്പാടും വിതരണംചെയ്തു. സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യമായും പൊതുജനങ്ങൾക്ക് 50 നേപ്പാൾ രൂപ കൊടുത്തും ഭൂപടം വാങ്ങാം.
മേയ് 20-നാണ് നേപ്പാൾ പരിഷ്കരിച്ച ഭൂപടം പുറത്തിറക്കിയത്. ഇത് നേപ്പാൾ പാർലമെന്റ് ഐകകണ്ഠ്യേന അംഗീകരിക്കുകയുംചെയ്തു. ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല നേപ്പാളിൻറെ ഏകപക്ഷീയമായ നടപടിയെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.