കാഠ്‌മണ്ഡു: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ കുംഭമേളയിൽ പങ്കെടുത്തു മടങ്ങിയ നേപ്പാൾ മുൻ രാജാവ് ജ്ഞാനേന്ദ്ര ഷായ്ക്കും രാജ്ഞി കോമൾ ഷായ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഞായറാഴ്ച നേപ്പാളിൽ മടങ്ങിയെത്തിയശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരും വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്.

73 വയസ്സുള്ള ജ്ഞാനേന്ദ്രയും 70 വയസ്സുള്ള കോമളും ഹർ കി പൗഡിയിൽ പുണ്യസ്നാനത്തിൽ പങ്കെടുക്കുകയും ഒട്ടേറെ സന്ന്യാസിമാരുമായും ഭക്തരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തിരിച്ചെത്തിയ ഇരുവരെയും സ്വീകരിക്കാൻ കാഠ്മണ്ഡു വിമാനത്താവളത്തിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നെന്ന് ദി ഹിമാലയൻ ൈടംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇവരുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. 2001-ൽ സഹോദരൻ ബീരേന്ദ്ര ബീർ വിക്രം ഷാ ദേവും കുടുംബവും കൊല്ലപ്പെട്ടതോടെയാണ് ജ്ഞാനേന്ദ്ര രാജാവാകുന്നത്. 2008-ൽ നേപ്പാളിൽ രാജഭരണം അവസാനിച്ചു.