ലോസ് ആഞ്ജലിസ്: സാഹസിക സഞ്ചാരികളെ മരണത്തിലേക്കു മാടിവിളിക്കുന്ന ക്രിസ്റ്റഫർ മക്‌കാൻഡ്‍ലെസ്സിന്റെ ആ ‘മാജിക് ബസ്’ ഇനി അലാസ്കൻ വനാന്തരങ്ങളിലില്ല. മങ്ങിയ പച്ചയും വെള്ളയുമണിഞ്ഞ ‘ഫെയർബാങ്ക്സ് ബസ് 142’ അലാസ്കൻ നാഷണൽ ഗാർഡ് വനത്തിനുള്ളിൽനിന്ന് നീക്കി.

‘ഇൻടു ദി വൈൽഡ്’ സിനിമയിലൂടെയാണ് ഫെയർബാങ്ക്സ് ബസ് 142 പ്രശസ്തമായത്. ഇതുകണ്ടവർ ബസിലേക്കെത്താൻ അലാസ്കൻ കാടുകയറാൻ തുടങ്ങി. അതിസാഹസികമായ അത്തരം യാത്രകളിൽ രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർ അപകടത്തിൽപ്പെടുകയും ചെയ്തു. അപകടം പതിവായതോടെയാണ് നിഗൂഢ ബസ് നീക്കംചെയ്യാൻ സേന തീരുമാനിച്ചത്. സി.എച്ച്.-47 ചിനൂക് ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്ത ബസിനെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.

1992-ൽ മക്‌കാൻഡ്‍ലെസ്സെന്ന 24-കാരനായ സാഹസിക യാത്രികൻ അലാസ്കയിലേക്കുള്ള യാത്രയ്ക്കിടെ താമസിച്ചതാണ് ഈ ബസ്. 1940 മുതൽ ബസ് ഇവിടെയുണ്ട്. എന്നാൽ ഇതെങ്ങനെ അവിടെയെത്തിയെന്നത് ഇപ്പോഴും നിഗൂഢമായി തുടരുന്നു. ട്രക്കിങ്ങിനിടെ ഒറ്റപ്പെട്ടുപോയ മക്‌കാൻഡ്‌ലെസ്സ് നൂറിലേറെ ദിവസമാണ് ബസിനുള്ളിൽ തനിച്ചുകഴിഞ്ഞത്. കൈയിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീർന്നതോടെ പട്ടിണിയിലായ അയാൾ 110-ാം ദിവസം ബസിനുള്ളിൽക്കിടന്നു മരിച്ചു. കാട്ടിൽ നായാട്ടിനെത്തിയ ഒരാൾ മൃതദേഹം കണ്ടെത്തിയതോടെ മക്‌കാൻഡ്‍ലെസ്സിന്റെ കഥ പുറംലോകമറിഞ്ഞു.

'Into The Wild' Bus
1992 -ല്‍ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്ലെസ്സെന്ന സാഹസികയാത്രികന്‍ പട്ടിണികിടന്ന് മരിച്ച ബസ്. അലാസ്‌കയിലെ ഹീലിക്കടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബസിന്റെ ചിത്രം 2006 മാര്‍ച്ച് 21-ന് പുറത്തുവിട്ടപ്പോള്‍

മക്‌കാൻഡ്‌ലെസ്സിന്റെ ജീവിതവും മരണവും ‘ഇൻടു ദി വൈൽഡ്’ എന്ന പേരിൽ ജോൺ ക്രാകുവേർ 1996-ൽ പുസ്തകമാക്കി. വൻ പ്രചാരം നേടിയ നോവലായിരുന്നു അത്. 2007-ൽ ഹോളിവുഡ് സംവിധായകൻ ഷോൺ പെൻ നോവലിന് ചലച്ചിത്രഭാഷ്യമൊരുക്കി. ഇതേപേരിൽത്തന്നെ. അതോടെ മക്‌കാൻഡ്‍ലെസ്സിന്റെ ബസ് തേടി സഞ്ചാരികളെത്താൻ തുടങ്ങി. മരണം വഴികളിൽ പതിയിരിക്കുന്നതറിയാതെ.

ഡെനാലി നാഷണൽ പാർക്കിന്റെ പ്രാന്തപ്രദേശത്ത് അലാസ്കയിൽനിന്ന് 25 മൈൽ അകലെയാണ് ബസ് ഉപേക്ഷിച്ചനിലയിൽ ഉണ്ടായിരുന്നത്. ടെക്‌ലാനിക്ക നദി കടന്നുവേണം ഇവിടെയെത്താൻ. ഓരോ കാലടിയിലും അപകടം നിറഞ്ഞ ദുർഘടമായ വഴികൾ. ബസ് തേടിയുള്ള യാത്രയ്ക്കിടെ 2010-ലും 2019-ലും രണ്ടുപേർ നദിയിൽ മുങ്ങിമരിച്ചു. അപകടത്തിൽപ്പെട്ട 15 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി നാഷണൽ ഗാർഡ് പറഞ്ഞു.

alaska bus
'ഇന്‍ ടു ദ വൈല്‍ഡ്' എന്ന സിനിമയിലൂടെയാണ് ബസ് പ്രശസ്തമായ ഫെയര്‍ബാങ്ക് ബസ് 142 ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നീക്കുന്നു.

Content Highlights: National Guard Chopper Lifts 'Into The Wild' Bus Out of Alaskan Wilderness