വാഷിങ്ടൺ: നാസയുടെ ചന്ദ്രദൗത്യ സംഘമായ ആർടെമിസിൽ ഇന്ത്യൻ-അമേരിക്കൻ വംശജനായ രാജാ ചാരിയും. യു.എസ്. വ്യോമസേനയിലെ കേണലായ ചാരി 2017-ലാണ് ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയാകുന്നത്.
യു.എസിലെ ലോവയിൽ താമസിക്കുന്ന ചാരിയുടെ പിതാവ് ശ്രീനിവാസ് ഹൈദരാബാദിൽനിന്ന് യു.എസിലേക്ക് കുടിയേറിയതാണ്. യു.എസ്. നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂൾ ബിരുദധാരിയായ ചാരിക്ക് എയറോനോട്ടിക്സിലും അസ്ട്രോനോട്ടിക്സിലും ബിരുദാനന്തര ബിരുദമുണ്ട് .
ആർടെമിസിൽ രാജാ ചാരിയുൾപ്പടെ 18 ബഹിരാകാശയാത്രികരാണുള്ളത്. 2024-ൽ ചന്ദ്രനിലേക്ക് ആദ്യമായി ഒരു സ്ത്രീയെയും വീണ്ടുമൊരു പുരുഷനെയും അയക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ആർടെമിസ് ടീമിന്റെ ദൗത്യത്തിലുൾപ്പെടുന്നു.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ ബുധനാഴ്ച നടന്ന എട്ടാമത് ദേശീയ ബഹിരാകാശ കൗൺസിൽ യോഗത്തിൽ യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് ആർടെമിസ് ടീമിലെ അംഗങ്ങളെ പരിചയപ്പെടുത്തിയത്.
ജോസഫ് അകാബ, കെയ്‌ല ബാരൺ, മാത്യു ഡൊമിനിക്, വിക്ടർ ഗ്ലോവർ, വാറൻ ഹോബർഗ്, ജോണി കിം, ക്രിസ്റ്റീന ഹാമോക്ക് കോച്ച്, കെജെൽ ലിൻഡ്ഗ്രെൻ, നിക്കോൾ എ. മാൻ, ആൻ മക്ക്ലെയിൻ, ജെസീക്ക മെർ, ജാസ്മിൻ മൊഗ്‌ബെലി, കേറ്റ് റൂബിൻസ്, ഫ്രാങ്ക് റൂബിയോ, സ്കോട്ട് ടിംഗിൾ, ജെസീക്ക വാറ്റ്കിൻസ്, സ്റ്റെഫാനി വിൽസൺ എന്നിവരാണ് മറ്റ് ആർടെമിസ് അംഗങ്ങൾ.
Content Highlights: NASA Selects Indian-American Astronaut Raja Chari For Manned Mission To Moon