ന്യൂയോർക്ക്: നാസയുടെ ചൊവ്വാദൗത്യപേടകമായ പെർസിവിയറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽനിന്ന് പാറക്കഷ്ണം ശേഖരിച്ചു. പുരാതനകാലത്ത് തടാകമുണ്ടായിരുന്നെന്നു കരുതുന്ന ജസേറോ ക്രേറ്ററിലെ ഒരു പാറയിൽ റോബോട്ടിക് കൈകൊണ്ട് തുളച്ചുകയറി പെൻസിലിനേക്കാൾ അല്പം കനംകൂടിയ പാറക്കഷ്ണം ശേഖരിക്കുകയായിരുന്നു.

വ്യാഴാഴ്ചയായിരുന്നു വിജയകരമായ ദൗത്യം. മുൻ നിശ്ചയിച്ചതുപ്രകാരം ടൈറ്റാനിയം ട്യൂബിൽ ശേഖരിച്ച സാംപിൾ സുരക്ഷിതമാണോ എന്നുറപ്പാക്കാൻ ഇനിയും വ്യക്തമായ ചിത്രങ്ങൾ ലഭിക്കേണ്ടതുണ്ട്. കുഴലിൽ പാറക്കഷ്ണങ്ങൾ സുരക്ഷിതമാണെന്നാണ് ഇതുവരെയുള്ള വിവരങ്ങളിൽനിന്ന് മനസ്സിലാകുന്നതെന്ന് നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറി അറിയിച്ചു. ഓഗസ്റ്റിൽ കല്ലുശേഖരിക്കാനുള്ള റോവറിന്റെ ആദ്യശ്രമം പാളിയിരുന്നു.

ചൊവ്വയിൽ ജീവന്റെ അവശേഷിപ്പുകൾ പരിശോധിക്കുകയാണ് പെർസിവിയറൻസിന്റെ ദൗത്യലക്ഷ്യം. ചൊവ്വയിൽനിന്ന് ശേഖരിച്ച പാറക്കഷ്ണങ്ങളടക്കം 30-ഓളം സാംപിളുകൾ 2030-ഓടെയാണ് റോവർ ഭൂമിയിലെത്തിക്കുക.