വാഷിങ്ടൺ: നാസയുടെ ചൊവ്വാദൗത്യം പെർസിവിയറൻസ് റോവർ ചൊവ്വയിൽ ഓക്സിജൻ നിർമിച്ച് ചരിത്രം സൃഷ്ടിച്ചു. ചൊവ്വയിലെ അന്തരീക്ഷത്തിൽനിന്ന്‌ കാർബൺ ഡൈ ഓക്സൈഡിനെ വിഘടിപ്പിച്ച് ഓക്സിജനാക്കി മാറ്റുകയാണ് റോവറിലെ മോക്സി യൂണിറ്റ് ചെയ്തതെന്ന് നാസ അറിയിച്ചു.

അഞ്ച് ഗ്രാം ഓക്സിജനാണ് ഉത്‌പാദിപ്പിച്ചത്. ഒരു ബഹിരാകാശയാത്രികന് 10 മിനിറ്റ് ശ്വസിക്കാൻ കഴിയുന്ന ഓക്സിജന് തുല്യമാണിത്. ഭാവിയിൽ ബഹിരാകാശയാത്രികർക്ക് ശ്വസിക്കാൻ ഉതകുന്നതരത്തിൽ ഈ പ്രക്രിയ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് നാസയുടെ ബഹിരാകാശ സാങ്കേതിക മിഷൻ ഡയറക്ടറേറ്റിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജിം റോയിറ്റർ പറഞ്ഞു. മോക്സി എൻജിനിയർമാർ ഇപ്പോൾ ശ്രദ്ധിക്കുന്നത് മണിക്കൂറിൽ 10 ഗ്രാം ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനമാണ്.

96 ശതമാനം കാർബൺ ഡൈ ഓക്സൈഡാണ് ചൊവ്വയുടെ അന്തരീക്ഷലുള്ളത്. ഇതിൽ നിന്നും ഓക്സിജൻ വിഘടിപ്പിച്ചെടുക്കുകയാണ് ഉപരിതലത്തിലെ ഐസിൽനിന്നും വൈദ്യുത വിശ്ലേഷണത്തിലൂടെ ഓക്സിജൻ നിർമിക്കുന്നതിനെക്കാൾ പ്രായോഗികമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയിൽ ഒരു റോക്കറ്റ് വിസ്ഫോടനത്തിനാവശ്യമായ 55,000 പൗണ്ട് (25 ടൺ) ഓക്സിജൻ ഉത്പാദിപ്പിക്കാൻ മോക്സിയുടെ ഒരു ടൺ പതിപ്പിന് കഴിയുമെന്ന് എം.ഐ.ടി. എൻജിനിയർ മൈക്കൽ ഹെക്റ്റ് പറഞ്ഞു. സൂക്ഷ്മജീവി പഠനത്തിനായി ഫെബ്രുവരി 18-നാണ് റോവർ ചൊവ്വയിലെത്തിയത്.

രണ്ടാമതും പറന്ന് ഇൻജെന്യൂറ്റി

: ചൊവ്വാ പര്യവേക്ഷണത്തിന്റെ ഭാഗമായി റോവറിനൊപ്പം ചൊവ്വയിലെത്തിയ ഇൻജെന്യൂറ്റി ഹെലികോപ്റ്റർ വ്യാഴാഴ്ച പുലർച്ചെ രണ്ടാം പറക്കൽ നടത്തി. 16.5 അടി (അഞ്ച് മീറ്റർ) ഉയരത്തിലാണ് പറന്നത്. തിങ്കളാഴ്ച നടത്തിയ ആദ്യ പറക്കലിൽ 10 അടി (മൂന്ന് മീറ്റർ) ആയിരുന്നു പറന്നത്.