വാഷിങ്ടൺ: 450 കോടി കൊല്ലങ്ങൾക്കുമുമ്പ് സൗരയൂഥം എങ്ങനെ പിറവികൊണ്ടുവെന്ന രഹസ്യം ചുരുളഴിക്കാൻ നാസയുടെ ലൂസി പേടകം അടുത്തമാസം പുറപ്പെടും. വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായി സൂര്യനെ പരിക്രമണംചെയ്യുന്ന ട്രോജൻ ചിന്നഗ്രഹങ്ങളിലാണ് ലൂസി സൗരയൂഥത്തിന്റെ രഹസ്യം തിരയുക. ട്രോജൻ ഛിന്നഗ്രഹങ്ങൾക്ക് സൗരയൂഥത്തിനോളം തന്നെ പ്രായമുണ്ട്. അതിനാൽ ലൂസി കണ്ടെത്തുന്ന വിവരങ്ങൾ നിർണായകമായിരിക്കുമെന്ന് നാസയുടെ ഗ്രഹശാസ്ത്രവിഭാഗം ഡയറക്ടർ ലോറി ഗ്ലേസ് പറഞ്ഞു.

പഠനം

 • ട്രോജൻ ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനുള്ള ആദ്യ ബഹിരാകാശ ദൗത്യം
 • എട്ട് ചിന്നഗ്രഹങ്ങൾക്കുസമീപം 400 കിലോമീറ്റർ പരിധിയിൽ ലൂസി സഞ്ചരിക്കും (ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയിൻ ബെൽറ്റാണ് ഒന്ന്. ഏഴെണ്ണം ട്രോജൻ ചിന്നഗ്രഹങ്ങളും)
 • ചിന്നഗ്രഹങ്ങളുടെ ഘടന, പിണ്ഡം, സാന്ദ്രത തുടങ്ങിയവ അളക്കും
 • ദൗത്യകാലം- 12 കൊല്ലം
 • ഒരു പേടകം ഇത്രയുമധികം ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതും ആദ്യം

ട്രോജൻ

 • സൂര്യനു ചുറ്റുമുള്ള വ്യാഴത്തിന്റെ പരിക്രമണപഥം പങ്കിടുന്ന ചിന്നഗ്രഹങ്ങൾ
 • എണ്ണം- 7000-ത്തിലേറെ
 • സൗരയൂഥം രൂപംകൊണ്ട കാലത്തെ ഘടനയും രൂപവും
 • നിറത്തിലും ഘടനയിലും പരസ്പരം വ്യത്യസ്തം. നിറം-ചിലതിനു ചുവപ്പും ചിലതിന് ചാരവും
 • സൗരയൂഥത്തിന്റെ പലഭാഗത്തായി രൂപപ്പെട്ടു.

ലൂസിയുടെ യാത്ര

 •  ഒക്ടോബർ 16-ന് ഫ്ളോറിഡയിലെ കേപ് കനവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് പുറപ്പെടും
 • വിക്ഷേപണം അറ്റ്‌ലസ് വി റോക്കറ്റിൽ
 • വാഹനം നിർമിച്ചത്-അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ
 • പ്രധാനഭാഗങ്ങൾ-രണ്ട് മൈൽ നീളമുള്ള വയറും സൗരോർജ പാനലുകളും
 • സൂര്യനിൽനിന്ന് ഏറ്റവുമകലെ സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന പേടകം
 • പദ്ധതിച്ചെലവ്-98.1 കോടി ഡോളർ

((1974-ൽ എത്യോപ്യയിലെ അഫാറിൽനിന്ന് ലഭിച്ച മനുഷ്യ ഫോസിലിന്റെ പേരാണ് ലൂസി)

Content Highlights: NASA's Lucy mission will observe the earliest 'fossils' of the solar system