
കേപ് കനവറൽ: ചൊവ്വയിൽ ജീവൻ കണ്ടെത്തുന്നതിനായുള്ള നാസയുടെ പര്യവേക്ഷണപേടകം പെർസിവിയറൻസ് വിക്ഷേപിച്ചു. കേപ് കേനവറൽ വ്യോമസേന സ്റ്റേഷനിൽ പ്രാദേശിക സമയം രാവിലെ 7.50-നാണ് വിക്ഷേപണം നടന്നത്. അറ്റ്‌ലസ് 5 റോക്കറ്റ് വഹിക്കുന്ന പേടകം അടുത്ത വർഷം ഫെബ്രുവരിയിൽ ചൊവ്വയിലെത്തും.
പ്ലൂട്ടോണിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആറു ചക്രങ്ങളുള്ള റോവർ ചൊവ്വയിലെ പാറകൾ ശേഖരിച്ചതിനുശേഷം 2031-ൽ തിരികെയെത്തും. ഗ്രഹത്തിലെ കഴിഞ്ഞകാല സൂക്ഷ്മജീവ പ്രവർത്തനത്തിന്റെ തെളിവുകൾ ദൗത്യത്തിലൂടെ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
മറ്റൊരു ഗ്രഹത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയാണ് വിക്ഷേപണമെന്ന് നാസ ശാസ്ത്രദൗത്യ തലവൻ തോമസ് സുർബുകെൻ പറഞ്ഞു. ദൗത്യത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ 2030-ൽ മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതടക്കമുള്ള സാധ്യതകളും പരിശോധിക്കാൻ നാസയെ സഹായിക്കും. പതിനൊന്നു ദിവസത്തിനിടെ വിക്ഷേപിക്കുന്ന മൂന്നാം ചൊവ്വ ദൗത്യമാണ് പെർസിവിയറൻസ്. നേരത്തേ ചൈന, യു.എ.ഇ. രാജ്യങ്ങളും ചൊവ്വാ ദൗത്യങ്ങളും വിക്ഷേപിച്ചിരുന്നു.