യുണൈറ്റഡ് നേഷൻസ്: മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമാകാൻ ലോകമെന്പാടുമുള്ള വാക്സിൻ നിർമാതാക്കളെ രാജ്യത്തേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റുരാജ്യങ്ങളിലെ പാവപ്പെട്ടവർക്ക് വാക്സിൻ നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 76-ാം സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

“12 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകാവുന്ന ലോകത്തെ ആദ്യത്തെ ഡി.എൻ.എ. വാക്സിൻ വികസിപ്പിച്ചതായി പൊതുസഭയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എം.ആർ.എൻ.എ. വാക്സിന്റെ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ് ഇന്ത്യ. മൂക്കിലൂടെ നൽകാവുന്ന മറ്റൊരു വാക്സിനും രാജ്യത്തെ ശാസ്ത്രജ്ഞർ വികസിപ്പിക്കുന്നുണ്ട്.” -മോദി പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റൽ വാക്സിൻ വിതരണ സംവിധാനമായ കോവിനിലൂടെ പ്രതിദിനം ലക്ഷക്കണക്കിനുപേർക്കാണ് വാക്സിൻ നൽകുന്നത്. പരിമിതമായ വിഭവങ്ങൾക്കിടയിലും സേവനമാണ് പ്രധാന കടമയെന്ന തത്ത്വത്തിൽ വിശ്വസിച്ച് രാജ്യം വാക്സിൻ വികസിപ്പിക്കുന്നതിലും വിതരണത്തിലും ഏർപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.