യാങ്കൂൺ: പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്ന മ്യാൻമാറിലെ പട്ടാളഭരണകൂടത്തിന്റെ നടപടിയിൽ ലോകരാഷ്ടങ്ങൾ നിലപാടു കടുപ്പിച്ചു. സായുധസേനാദിനമായ ശനിയാഴ്ച കുട്ടികളുൾപ്പെടെ 114 പ്രതിഷേധക്കാരെക്കൂടി പട്ടാളം വെടിവെടിവെച്ചുകൊന്നതോടെയാണിത്. ഞായറാഴ്ചയും രണ്ടുപേരെ വെടിവെച്ചുകൊന്നു.

ആങ് സാൻ സ്യൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി സർക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതോടെയാണ് ബഹുജനപ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇതുവരെ നാനൂറിലേറെപ്പേരെയാണ് പോലീസും പട്ടാളവും വെടിവെച്ചുകൊന്നത്.

സൈന്യത്തിന്റെ നരനായാട്ടിനെ അപലപിച്ച് ജപ്പാൻ, ദക്ഷിണകൊറിയ, ബ്രിട്ടൻ, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ഡെൻമാർക്ക്, ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്‌സ്, ന്യൂസീലൻഡ് എന്നീ 12 രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാർ സംയുക്ത പ്രസ്താവനയിറക്കി. ‘അക്രമം അവസാനിപ്പിച്ച് സ്വന്തം പ്രവൃത്തികൾകാരണം നഷ്ടപ്പെട്ട മാന്യതയും വിശ്വാസ്യതയും തിരിച്ചെടുക്കാൻ പട്ടാളം ശ്രമിക്കണം’ എന്ന് അവർ ആവശ്യപ്പെട്ടു. മ്യാൻമാറുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് പ്രസ്താവനയിൽ ഒപ്പിട്ട ജപ്പാനും ദക്ഷിണകൊറിയയും. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവ മ്യാൻമാറിനുമേൽ ഉപരോധമേർപ്പെടുത്തിയിരുന്നു. അക്രമത്തിൽ ഐക്യരാഷ്ട്രസഭാ (യു.എൻ.) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഞെട്ടൽ രേഖപ്പെടുത്തി.

അടിയന്തര അന്താരാഷ്ട്ര ഉച്ചകോടി ചേരണമെന്ന് മ്യാൻമാറിനായുള്ള പ്രത്യേക യു.എൻ. ദൂതൻ ടോം ആൻഡ്രൂസ് ആവശ്യപ്പെട്ടു. എന്നാൽ, യു.എൻ. രക്ഷാസമിതിവഴി മ്യാൻമാറിനെതിരേ നടപടിയെടുക്കുക പ്രയാസമാണെന്നാണ് വിലയിരുത്തൽ. വീറ്റോ അധികാരമുള്ള രക്ഷാസമതി സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും പട്ടാളഭരണകൂടത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.

കൂട്ടക്കൊലയ്ക്കുശേഷം അത്യാഡംബരപൂർവമുള്ള പാർട്ടി നടത്തി പട്ടാളഭരണാധികാരി ജനറൽ മിൻ ആങ് ലേയിങ്ങും ജനറൽമാരും 76-ാം സായുധസേനാദിനം ആഘോഷിച്ചു. ഇന്ത്യ, പാകിസ്താൻ, ചൈന, റഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം, ലാവോസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ആഘോഷത്തിൽ പങ്കെടുത്തു.

സ്യൂചി തടവിൽത്തന്നെ

തിരഞ്ഞെടുപ്പിനുശേഷം എൻ.എൽ.ഡി. സർക്കാർ വീണ്ടും അധികാരമേൽക്കാനിരുന്ന ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറി നടത്തി പാർട്ടിനേതാവ് ആങ് സാൻ സ്യൂചിയും രാജ്യത്തിന്റെ പ്രസിഡന്റ് വിൻ മിന്റുമുൾപ്പെടെയുള്ള നേതാക്കളെ തടവിലാക്കിയത്. 1962 മുതൽ 2011 വരെ പട്ടാളഭരണത്തിലായിരുന്ന മ്യാൻമാറിന്റെ ജനാധിപത്യവുമായുള്ള ചുരുങ്ങിയ കാലത്തെ ബന്ധമാണ് ഇതോടെ തകർന്നത്. സ്യൂചിക്കും മിന്റിനുമെതിരേ വിവിധ ക്രിമിനൽക്കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അട്ടിമറിക്കുശേഷം ഇതുവരെ മൂവായിരത്തിലേറെപ്പേരെ സൈന്യം തടവിലാക്കി.

Content Highlights: Myanmar Troops Kill hundreds Including Children