യാങ്കൂൺ: മ്യാൻമാറിൽ തടവിൽക്കഴിയുന്ന ജനകീയനേതാവ് ആങ് സാൻ സ്യൂചിയുടെ പേരിൽ പുതിയ കേസുമായി സൈനികഭരണകൂടം. പ്രകൃതിദുരന്തനിവാരണനിയമത്തിലെ 25-ാം വകുപ്പുപ്രകാരം കുറ്റം ചുമത്തിയതായി സ്യൂചിയുടെ അഭിഭാഷകൻ മിൻ മിൻ സോയ് പറഞ്ഞു.

നയ്‌പിഡോയിലെ കോടതിയിൽ തിങ്കളാഴ്ചനടന്ന വിചാരണയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തതായും സ്യൂചി ആരോഗ്യത്തോടെ ഇരിക്കുന്നതാണ് കാണാനായതെന്നും മിൻ പറഞ്ഞു.

നയ്‌പിഡോയിൽ രജിസ്റ്റർചെയ്ത അഞ്ചുകേസുകളും യാങ്കൂണിലെ ഒന്നും ഉൾപ്പെടെ ആകെ ആറുകേസുകളാണ് സ്യൂചിക്കെതിരേ നിലവിലുള്ളത്. നേരത്തേ ഔദ്യോഗിക രഹസ്യനിയമപ്രകാരം സ്യൂചിയുടെ പേരിൽ കേസെടുത്തിരുന്നു.

പ്രതിഷേധക്കാർക്കെതിരേ സൈന്യം നടത്തുന്ന നടപടികൾ തിങ്കളാഴ്ചയും തുടർന്നു. മ്യാൻമാറിലെ ഇന്ത്യൻ അതിർത്തിപ്രദേശമായ തമുവിൽ തിങ്കളാഴ്ച രാവിലെ മിഠായിവാങ്ങാൻ കടയിലേക്കുപോകുകയായിരുന്ന ആറുവയസ്സുകാരിയെ സൈന്യം വെടിവെച്ചുകൊന്നു.

വെള്ളിയാഴ്ച സൈന്യം നടത്തിയ വെടിവെപ്പിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷമുണ്ടായ പ്രക്ഷോഭങ്ങൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നിട്ടുണ്ട്. മൂവായിരത്തിലധികംപേരെ തടവിലാക്കി.

Content Highlights: Myanmar Suu Kyi