നേപിഡോ: പുതിയരാഷ്ടീയ ചരിത്രത്തിന് തുടക്കമിട്ട് മ്യാന്മറില് പാര്‍ലമെന്റ് സമ്മേളനം തുടങ്ങി. അമ്പതുവര്‍ഷത്തെ പട്ടാളഭരണത്തിനു ശേഷം ആദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട എം.പി.മാര്‍ മ്യാന്മര് പാര്‍ലമെന്റിലെത്തുന്നത്. ഓറഞ്ച് നിറത്തിലുള്ള യൂണിഫോം ധരിച്ചാണ് ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) ജനപ്രതിനിധികള്‍ സഭയിലെത്തിയത്.
നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി. 80 ശതമാനം സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. തുടക്കത്തില്‍തന്നെ എം.പി.മാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നും മിണ്ടാതെയാണ് സ്യൂചി സഭയിലേക്ക് പ്രവേശിച്ചത്. ആങ് സാന്‍ സ്യൂചിയുടെ അടുത്ത അനുയായി വിന് മിന്റിനെ അധോസഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു. മ്യാന്മറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അഭിമാനത്തിന്റെ നിമിഷമാണെന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തകര്‍ന്ന സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മിക്കുകയാണ് പുതിയ സര്‍ക്കാറിന്റെ ഏറ്റവും വലിയ വെല്ലുവിളി. സഭയില്‍ ഭരണഘടനപ്രകാരം 25 ശതമാനം സീറ്റുകള്‍ സൈന്യത്തിനായി നീക്കി െവച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പ്രധാന സ്ഥാനങ്ങളും സൈന്യത്തിനായിരിക്കും.
പുതിയ പ്രസിഡന്റിനെ കണ്ടെത്തുകയാവും പുതിയ സര്‍ക്കാറിന്റെ ആദ്യചുമതല. നിലവിലെ പ്രസിഡന്റ് തീന് സീന്‍ മാര്‍ച്ചില്‍ പടിയിറങ്ങും.
ഈ സ്ഥാനത്തേക്ക് ഇരു സഭകളിലെയും പ്രതിനിധികളും സൈന്യവും മൂന്നു സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യും. ഇരു സഭകളിലെയും അംഗങ്ങള്‍ വോട്ടിലൂടെയാവും പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുക. വിദേശപൗരത്വമുള്ള മക്കളുള്ളവര്‍ക്ക് പ്രസിഡന്റാകാന്‍ കഴിയില്ലെന്നാണ് മ്യാന്മറിലെ നിയമം. വിദേശിയെ വിവാഹം കഴിച്ച ആങ് സാന്‍ സ്യൂചിയുടെ മക്കള്‍ക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്. ഇവരെ ഉദ്ദേശിച്ചാണ് പട്ടാളഭരണകൂടം ഭരണഘടന ഭേദഗതി ചെയ്ത് നിയമം കൊണ്ടുവന്നത്. ഇത് പരിഷ്കരിച്ചാല്‍ മാത്രമേ ആങ് സാന്‍ സ്യൂചിക്ക് പ്രസിഡന്റ് സ്ഥാനത്തെത്താന്‍ കഴിയൂ.