യുണൈറ്റഡ് നേഷൻസ്: സൈനിക ഭരണകൂടം രാജ്യത്ത് കൂട്ടക്കൊല നടത്തിയതായി ഐക്യരാഷ്‌ട്രസഭയിലെ മ്യാൻമാറിന്റെ പ്രതിനിധി ക്യാവ് മോയ് തുൻ. സാഗായിങ് മേഖലയിലെ കനി നഗരത്തിൽനിന്ന്‌ ജൂലായിൽ 40 പേരുെട മൃതദേഹങ്ങൾ കണ്ടെത്തിയതായി യു.എൻ. സെക്രട്ടറി ജനറലിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ആരോപണങ്ങൾ സൈന്യം നിഷേധിച്ചിട്ടുണ്ട്.

“ജൂലായ് ഒമ്പതിനും പത്തിനും ഇടയിൽ ടൗൺഷിപ്പിലെ ഗ്രാമത്തിൽനിന്ന്‌ തടവിലാക്കിയ 16 പേരെ സൈന്യം ക്രൂരമായി കൊലപ്പെടുത്തി. പ്രാദേശിക ഗോത്രവിഭാഗങ്ങളുമായി ഏറ്റുമുട്ടലിനു ദിവസങ്ങൾക്കുശേഷം ജൂലായ് 26-ന് 13 മൃതദേഹങ്ങൾ കണ്ടെടുത്തു. ജൂലായ് 28-ന് 14 വയസ്സുകാരന്റെ അടക്കം 13 മൃതദേഹങ്ങളും ലഭിച്ചു. കൂട്ടക്കൊലയ്ക്കു പിന്നാലെ നാട്ടുകാരായ 10,000 പേർ നഗരം വിട്ടതായും തുൻ ചൂണ്ടികാട്ടി.

സൈന്യത്തിന്റെ ഏകാധിപത്യഭരണം അവസാനിപ്പിക്കാൻ യു.എൻ. സുരക്ഷാസമിതി ഉൾപ്പെടെ ഇടപെടാനുള്ള സമയമാണിതെന്നും തുൻ ചൂണ്ടികാട്ടി. നേരത്തേ തുൻ മ്യാൻമാറിന്റെ പ്രതിനിധിയല്ലെന്ന് സൈനിക ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാൽ യു.എൻ. തുന്നിനെ മ്യാൻമാറിന്റെ പ്രതിനിധിയായി പരിഗണിക്കുന്നത് തുടരുകയായിരുന്നു.