നയ്‌പിഡോ: മ്യാൻമാറിൽ സൈന്യം അധികാരം പിടിച്ചെടുത്തതിനുപിന്നാലെ രണ്ടരലക്ഷത്തോളംപേർ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. വളരെ ഭയാജനകമായ അവസ്ഥയാണ് മ്യാൻമാറിലേതെന്നും ലോകരാജ്യങ്ങൾ ഉടനടി പ്രശ്നത്തിൽ ഇടപെടണമെന്നും യു.എന്നിലെ പ്രത്യേക സ്ഥാനപതി ടോം ആൻഡ്രൂസ് പറഞ്ഞു.

സൈന്യം വ്യോമാക്രമണം നടത്തിയ കരേനിൽനിന്നുമാത്രം കുറഞ്ഞത് 24,000 പേർ പലായനം ചെയ്തെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 2000 പേർ തായ്‌ലാൻഡിലേക്കു കുടിയേറിയെന്നാണ് കരുതുന്നത്. പതിനായിരക്കണക്കിനാളുകൾ വീടുവിട്ട് രാജ്യത്തിനകത്തെ പ്രശ്നബാധിതമല്ലാത്ത മറ്റിടങ്ങളിലേക്ക് ഓടിപ്പോയെന്ന് കരേൻ പ്രാദേശികഭരണകൂട വക്താവ് പാദോ മാൻ പറഞ്ഞു. സൈന്യത്തിനുനേരെയുള്ള പ്രതിഷേധങ്ങളിൽ 738 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 3300 പേരെ തടവിലാക്കിയിട്ടുണ്ട്.

Content Highlights: Myanmar coup