കാബൂൾ: മുല്ല മുഹമ്മദ് ഹസൻ അഖുണ്ടിനെ പ്രധാനമന്ത്രിയാക്കി അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ രൂപവത്‌കരിച്ചു. സർക്കാരിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുല്ല ബരാദർ ഉപപ്രധാനമന്ത്രിയാവും.

ഭീകരശൃംഖലയായ ഹഖാനിക്കാണ് ആഭ്യന്തരം. സിറാജുദ്ദീൻ ഹഖാനി ആഭ്യന്തരമന്ത്രിയാകും. താലിബാൻ സ്ഥാപകൻ മുല്ല മുഹമ്മദ് ഒമറിന്റെ മകൻ മുല്ല യാക്കൂബ് പ്രതിരോധമന്ത്രി സ്ഥാനവും ആമിർഖാൻ മുത്താഖി വിദേശകാര്യവും വഹിക്കും. അബ്ബാസ് സ്റ്റാനിക്‌ സായി വിദേശകാര്യ സഹമന്ത്രിയാകും.

താലിബാൻറെ നയരൂപവത്‌കരണ സമിതിയായ റെബാരി ഷൂരയുടെ തലവനാണ് ഹസൻ അഖുണ്ട്. താലിബാന്റെ സഹസ്ഥാപകൻ കൂടിയായ അദ്ദേഹം താലിബാന്റെ മുൻഭരണകാലത്ത് വിദേശമന്ത്രി, ഉപപ്രധാനമന്ത്രി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

യു.എസ്. അഞ്ച്‌ മില്യൺ ഡോളർ തലയ്ക്കു വിലയിട്ടയാളാണ് ആഭ്യന്തരമന്ത്രിയാകുന്ന സിറാജ് ഹഖാനി. അഫ്ഗാനിസ്താനിലെ ഒട്ടേറെ ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനുമാണ്. ഇടക്കാല സർക്കാരാണ് രൂപവത്‌കരിച്ചതെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. നേരത്തേ സർക്കാർ രൂപവത്‌കരണത്തിൽ താലിബാനും ഹഖാനിയും തമ്മിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ പഞ്ച്ശീറിൽ പോരാട്ടം തുടരുന്നതാണ് സർക്കാർ രൂപവത്‌കരണം വൈകുന്നതെന്നായിരുന്നു താലിബാന്റെ വാദം. പഞ്ച്ശീറും പിടിച്ചതോെടയാണ് സർക്കാർ പ്രഖ്യാപനം.