കൊളംബോ: മുൻ സൗന്ദര്യറാണിയുടെ അനവസരത്തിലുള്ള ഇടപെടൽമൂലം ‘മിസിസ്സ് ശ്രീലങ്ക’ മത്സരവിജയിയെ പ്രഖ്യാപിച്ച ചടങ്ങിലുണ്ടായത് നാടകീയരംഗങ്ങൾ. വിജയിയായി ജൂറി പുഷ്പിക ഡിസിൽവയെന്ന യുവതിയെ തിരഞ്ഞെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഹർഷാരവങ്ങൾക്കിടെ മുൻ മിസിസ്സ് ശ്രീലങ്കയും നിലവിലെ മിസിസ്സ് വേൾഡ് വിജയിയുമായ കരോലിൻ ജൂറി പുഷ്പികയെ കിരീടമണിയിച്ചു. വിജയം ആസ്വദിക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് കരോലിൻ വീണ്ടുമെത്തിയത്. വിവാഹമോചിതയായ സ്ത്രീക്ക് മിസിസ്സ് ശ്രീലങ്ക പട്ടം നൽകാനാവില്ലെന്നു പറഞ്ഞ് പുഷ്പികയുടെ തലയിൽനിന്ന് അവർ കിരീടം ബലംപ്രയോഗിച്ച് തിരിച്ചെടുത്തു. ഫസ്റ്റ് റണ്ണറപ്പായ യുവതിയെ കരോലിൻ കിരീടമണിയിക്കുകയുംചെയ്തു. ഇതോടെ വിധികർത്താക്കൾക്ക് നന്ദിപറഞ്ഞ് കരഞ്ഞുകൊണ്ട് പുഷ്പിക വേദിവിടുകയും ചെയ്തു.

ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഘാടകർ ഖേദംപ്രകടിപ്പിച്ചു. പുഷ്പികതന്നെയാണ് വിജയിയെന്നും നിയമപരമായി വിവാഹിതരായവർക്കെല്ലാം മത്സരത്തിൽ പങ്കെടുക്കാമെന്നും സമിതി പ്രസ്താവനയിറക്കി. താനും ഭർത്താവും മാറിത്താമസിക്കുകയാണെങ്കിലും വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് പുഷ്പിക പിന്നീട് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. മോശം പെരുമാറ്റത്തിന് കരോലിൻ മാപ്പുപറയണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

Content Highlights:  Mrs. Sri Lanka' pageant controversy erupts after former title holder snatches winner's crown