വാഷിങ്ടണ്‍: മകന് കൃത്യമായ ഇടവേളകളില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത യു.എസ്. വനിതയ്ക്ക് കോടതി ഒരാഴ്ച തടവുശിക്ഷ വിധിച്ചു. ഡിട്രോയിറ്റ് സ്വദേശിയായ റെബേക്ക ബ്രെഡോയെയാണ് ഓക്ലന്‍ഡ് കൗണ്ടി സര്‍ക്യൂട്ട് കോടതി ശിക്ഷിച്ചത്.

ഒമ്പതു വയസ്സുള്ള മകന് ഇതുവരെയെടുക്കാത്ത പ്രതിരോധ കുത്തിവെപ്പുകള്‍ മുഴുവന്‍ ഒരാഴ്ചകൊണ്ട് എടുക്കാന്‍ കോടതി റെബേക്കയോട് നിര്‍ദേശിച്ചിരുന്നു. ഇതിനു തയ്യാറാകാഞ്ഞ ഇവര്‍ പ്രതിരോധകുത്തിവെപ്പ് തന്റെ വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞു. ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് കഴിഞ്ഞയാഴ്ച എ.ബി.സി. ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞു.
 
കുട്ടിക്ക് പ്രതിരോധകുത്തിവെപ്പെടുക്കണോ വേണ്ടയോ എന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇവരെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്.