മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ എണ്ണ പൈപ്പ്‌ലൈനിലുണ്ടായ പൊട്ടിത്തെറിയിലും തീപ്പിടിത്തത്തിലും 66 പേർ മരിച്ചു. 70-ലേറെപ്പേർക്ക് പരിക്കേറ്റു. 85 പേരെ കാണാതായതായി അധികൃതർ പറഞ്ഞു.

ഹിഡാൽഗോ സംസ്ഥാനത്തെ ലാഹ്യുവേലിൽപാൻ നഗരത്തിലാണ് വെള്ളിയാഴ്ച വൈകീട്ട് പൈപ്പ്‍ലൈൻ പൊട്ടിത്തെറിച്ചത്. എണ്ണമോഷ്ടാക്കളാകാം സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനത്തിൽ പൈപ്പ്‌ലൈൻ പൊട്ടിയപ്പോൾ ചോരുന്ന എണ്ണ ശേഖരിക്കാൻ ആളുകൾ ശ്രമിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. അനധികൃതമായി എണ്ണ ചോർത്താനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് മെക്സിക്കൻ ഔദ്യോഗിക എണ്ണക്കമ്പനിയായ പെമെക്സ് പറഞ്ഞു.

എണ്ണമോഷണം പതിവായ മെക്സിക്കോയിൽ ഇത് തടയാൻ ഡിസംബറിൽ അധികാരമേറ്റ പ്രസിഡന്റ് ലോപസ് ഒബ്രദോറിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതികളേർപ്പെടുത്തിയിട്ടുണ്ട്. 2017-ൽ മാത്രം അനധികൃത എണ്ണമോഷണത്തിലൂടെ സർക്കാരിന് നഷ്ടമായത് മൂന്നുകോടി ഡോളറാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

2013-ൽ മെക്സിക്കോ സിറ്റിയിലുണ്ടായ പൈപ്പ്‍ലൈൻ സ്ഫോടനത്തിൽ 37 പേർ മരിച്ചിരുന്നു. 2012-ൽ വാതക പൈപ്പ്‌ലൈനിലെ ചോർച്ചയെത്തുടർന്നുണ്ടായ തീപ്പിടിത്തത്തിലും മെക്സിക്കോയിൽ 26 പേർ മരിച്ചു.

Content Highlights: More Than 60 Dead, Dozens Injured In Mexican Pipeline Explosion