ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ സമ്മർദത്തിലാക്കി കൂടുതൽ മദ്യസത്കാരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സംസ്കാരം നടക്കുന്നതിന്റെ തലേദിവസം രാത്രി ഡൗണിങ് സ്ട്രീറ്റ് ജീവനക്കാർ പാർട്ടി നടത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഫിലിപ്പിന്റെ മരണത്തെത്തുടർന്ന് രാജ്യം ദേശീയ ദുഃഖാചരണത്തിലായിരുന്ന ഏപ്രിൽ ഒമ്പതിനും 17-നുമിടയിലും പാർട്ടി നടന്നു. സാമൂഹികഅകലം പാലിക്കണമെന്ന ചട്ടങ്ങൾ മറികടന്നുനടന്ന പരിപാടികളെക്കുറിച്ച് ‘ഡെയ്‌ലി ടെലിഗ്രാഫാ’ണ് വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

പിന്നാലെ ബോറിസ് ജോൺസൺ സർക്കാർ എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചു. പാർട്ടിയിൽ ബോറിസ് ജോൺസൺ പങ്കെടുത്തിരുന്നില്ലെങ്കിലും ഡൗണിങ് സ്ട്രീറ്റ് ചട്ടലംഘനം നടത്തിയതിന് തെളിവായാണ്‌ ഇതിനെ പ്രതിപക്ഷം കാണുന്നത്. ലോക്ഡൗൺ മറികടന്ന് ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലടക്കം നടത്തിയ പാർട്ടികളുടെ പേരിൽ ബോറിസ് ജോൺസൺ സ്ഥാനമൊഴിയണമെന്ന് ഇതിനകംതന്നെ ആവശ്യം ശക്തമാണ്.