ജൂലായിൽ ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രയാത്രാപേടകമായ ‘ചന്ദ്രയാൻ’ ബഹിരാകാശത്തേക്ക് കുതിക്കുന്നതിനുപിന്നാലെ ചന്ദ്രനിലെത്താൻ കാത്തുനിൽക്കുന്നവരുടെ നിരയും നീളുന്നു. ചന്ദ്രനിലാദ്യമായി മനുഷ്യനെ എത്തിച്ച യു.എസ്. 45 വർഷത്തിനുശേഷം വീണ്ടും ചന്ദ്രനിൽ ബഹിരാകാശസഞ്ചാരികളെ ഇറക്കാനുള്ള ശ്രമങ്ങളാരംഭിച്ചുതുടങ്ങി.
ഗ്രീക്ക് ദേവനായ ‘അപ്പോളോ’യുടെ പേരുള്ള ബഹിരാകാശവാഹനങ്ങളിലായിരുന്നു ഇത്രയുംനാൾ യു.എസ്. ചന്ദ്രനിലേക്ക് മനുഷ്യരെ അയച്ചതെങ്കിൽ അടുത്ത ദൗത്യത്തിന്റെ പേര് ‘ആർടെമിസ്’ എന്നായിരിക്കും. ഗ്രീക്ക് പുരാണങ്ങളിൽ അപ്പോളോയുടെ സഹോദരിയാണ് ആർടെമിസ്. ഈ ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ കാലുകുത്താൻ ഒരു സ്ത്രീയും ഉണ്ടാകുമെന്നതിനാലാണ് പേര് ഇങ്ങനെയാക്കിയത്. പഴയ അപ്പോളോ ദൗത്യങ്ങൾ പൂർണമായും യു.എസിന്റേതുമാത്രമാണെങ്കിൽ വരാനിരിക്കുന്ന ദൗത്യത്തിൽ യൂറോപ്യൻ സ്പേസ് ഏജൻസിയും പങ്കാളിയായിരിക്കും.
ഇതിനിടയിൽ ഈവർഷം ഇസ്രയേലും ചന്ദ്രനിലേക്ക് ‘ബെരെഷീറ്റ്’ എന്ന പേടകം അയച്ചു. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിലാണ് അവർ പേടകം വിക്ഷേപിച്ചത്. പക്ഷേ, പേടകത്തിലെ നിയന്ത്രണസംവിധാനങ്ങളുടെ തകരാർമൂലം ബെരെഷീറ്റ് ചന്ദ്രോപരിതലത്തിൽ അതിവേഗത്തിൽ വന്നിടിച്ചു തകരുകയാണുണ്ടായത്.
ചാന്ദ്രപര്യവേക്ഷണത്തിൽ കാര്യമായ നേട്ടങ്ങളൊന്നും ഇതേവരെ ഉണ്ടാക്കിയിട്ടില്ലാത്ത യൂറോപ്യൻ രാജ്യങ്ങളും വരുംവർഷങ്ങളിൽ ചാന്ദ്രദൗത്യങ്ങൾ ശക്തമാക്കുമെന്നാണ് സൂചന. ജർമനി ആസ്ഥാനമായിപ്രവർത്തിക്കുന്ന പാർട് ടൈം സയന്റിസ്റ്റ്‌സ് എന്ന സംഘടനയാണ് ഇതിന് മുൻകൈയെടുക്കുന്നത്. ജപ്പാനിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഐസ്പേസും ചാന്ദ്രപര്യവേക്ഷണത്തിനുള്ള ശ്രമങ്ങളിലാണ്.
ബഹിരാകാശപര്യവേക്ഷണം വലിയ രാജ്യങ്ങളുടെ മാത്രം കുത്തകയായിരുന്ന കാലവും ഇവിടെ അവസാനിക്കുകയാണ്. സ്പേസ് എക്സ് ബഹിരാകാശവ്യവസായത്തിൽ ശക്തമായ സാന്നിധ്യമായതിനുപിന്നാലെ ആമസോൺ ഡോട്ട് കോമിന്റെ സ്ഥാപകനായ ജെഫ് ബെസോസും സ്പേസ് ബിസിനസിലേക്ക് തിരിഞ്ഞിട്ടുണ്ട്. ബെസോസിന്റെ ‘ബ്ലൂ ഒറിജിൻ’ ഇതിനകംതന്നെ തങ്ങൾ നിർമിക്കുന്ന ചന്ദ്രനിലിറങ്ങാൻ കഴിയുന്ന ലാൻഡറിന്റെ മാതൃക അവതരിപ്പിച്ചുകഴിഞ്ഞു.
content highlights: moon missions