ന്യൂയോർക്ക്: ലോകത്തെ പ്രമുഖ ബഹുരാഷ്ട്രക്കമ്പനി തലവൻമാർ പങ്കെടുത്ത വട്ടമേശചർച്ചയിൽ അധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമാകെ നേരിടുന്ന പോഷകാഹാരക്കുറവ്, മാലിന്യനിർമാർജനം തുടങ്ങിയ വെല്ലുവിളികൾക്ക് പരിഹാരംകാണാൻ സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിൽനിന്ന് ഊർജമുൾക്കൊള്ളാൻ തയ്യാറാവണമെന്ന് അദ്ദേഹം കമ്പനിമേധാവിമാരോട്‌ അഭ്യർഥിച്ചു. യു.എൻ. പൊതുസഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലുള്ള പ്രധാനമന്ത്രി 42 കമ്പനിമേധാവികളുമായാണ് സംവദിച്ചത്.

ഐ.ബി.എം. ചെയർമാൻ ഗിന്നി റൊമേറ്റി, വാൾമാർട്ട് സി.ഇ.ഒ. ഡഗ്ലസ് മാക്മില്ലൻ, കൊക്കക്കോള ചെയർമാൻ ജയിംസ് ഖ്വിൻസി, ജെ.പി. മോർഗൻ ചെയർമാൻ ജാമീ ഡിമൻ, ബാങ്ക് ഓഫ് അമേരിക്ക സി.ഇ.ഒ. ബ്രിയാൻ മൊയ്നിഹാൻ തുടങ്ങിയവർക്കൊപ്പം ഗൂഗിൾ, ആപ്പിൾ, മാരിയറ്റ്, പെപ്സി തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ കേൾക്കുന്നത് അത്യന്തം ആവേശകരമായ അനുഭവമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വിവിധ കമ്പനിമേധാവികൾ അഭിപ്രായപ്പെട്ടു.

content highlights: Modi meets global company CEOs