ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ന്യൂയോർക്കിലെത്തി. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ സംഗമത്തിന്റെ ഗംഭീരവിജയത്തിനുശേഷം ഞായറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ന്യൂയോർക്കിലെത്തിയത്. യു.എന്നിന്റെ 74-ാമത് പൊതുസഭാ സമ്മേളനത്തിലെ ഉന്നതതലചർച്ച ചൊവ്വാഴ്ചയാണാരംഭിക്കുക.

പൊതുസഭാസമ്മേളനത്തിൽ മുമ്പുണ്ടായിട്ടില്ലാത്ത തരത്തിൽ ഇന്ത്യ ഇടപെടൽ നടത്തുമെന്നും അതിന് ദൃഢവും പ്രകടവുമായ ഫലമുണ്ടാകുമെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി സയീദ് അക്ബറുദ്ദീൻ പറഞ്ഞു. സമ്മേളനത്തിനിടയിൽ മോദിയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും എഴുപത്തിയഞ്ചിലേറെ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിക്ക് തിരക്കിട്ടപരിപാടികൾ

തിങ്കളാഴ്ചത്തെ കാലാവസ്ഥാ ഉച്ചകോടിയിലും പ്രധാനമന്ത്രി സംസാരിക്കും. തുടർന്ന് ആഗോള ആരോഗ്യ കവറേജിന്റെ ഉന്നതതലയോഗത്തിലും പങ്കെടുക്കും. പിന്നീട് ‘ഭീകരവാദത്തിനും അക്രമാസക്തമായ തീവ്രവാദത്തിനുമെതിരേയുള്ള നയപരമായ പ്രതികരണം’ പരിപാടിയും മോദിക്കുണ്ട്. വിവിധ രാജ്യങ്ങൾ യു.എൻ. സെക്രട്ടേറിയറ്റിനൊപ്പം സംഘടിപ്പിക്കുന്ന ചർച്ചയ്ക്ക് നേതൃത്വംനൽകുന്നത് ജോർദാൻ രാജാവ് അബ്ദുള്ള മൂന്നാമനാണ്. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.

സെപ്റ്റംബർ -24

* യു.എസിലെ ഇന്ത്യ-പസഫിക് ദ്വീപുരാജ്യങ്ങളിലെ നേതാക്കളുടെ യോഗം.

* യു.എസ്. പ്രസിഡന്റ് ‍ട്രംപുമായി കൂടിക്കാഴ്ച.

സെപ്റ്റംബർ -25

* ബ്ലൂംബെർഗ് ആഗോള ബിസിനസ് ഫോറം. (ബിൽ ആൻഡ് മിലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗോൾകീപ്പർ പുരസ്‍കാരം ഏറ്റുവാങ്ങും)

* 45 അമേരിക്കൻ കമ്പനികളുടെ സി.ഇ.ഒ.മാരുമായി കൂടിക്കാഴ്ച.

* കാരികോം രാജ്യങ്ങളിലെ നേതാക്കളുമായി ഉച്ചകോടി.

സെപ്റ്റംബർ 27

* പൊതുസഭയെ അഭിസംബോധനചെയ്ത് പ്രസംഗം

* വിവിധ രാഷ്ട്രത്തലവന്മാരുമായി ചർച്ച