പാരീസ്: ഓസ്ട്രേലിയയും ബ്രിട്ടനും യു.എസും പുതിയ പ്രതിരോധ കരാറുണ്ടാക്കിയതിനെ ശക്തമായി എതിർത്തതിനുപിന്നാലെ ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകൾ തേടി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിലൂടെ ചർച്ചനടത്തി. ചൊവ്വാഴ്ച ഇരുനേതാക്കളും സംസാരിച്ച വിവരം മാക്രോണിന്റെ കാര്യാലയം പ്രസ്താവനയിൽ അറിയിച്ചു.

അഫ്ഗാനിസ്താനിലെ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങൾ ചർച്ചയായതായി പ്രസ്താവന വിശദീകരിക്കുന്നു. ഓസ്ട്രേലിയ, ബ്രിട്ടൻ, യു.എസ്. രാജ്യങ്ങൾ ഏഷ്യാ-പസഫിക് മേഖലയിലെ വെല്ലുവിളികൾ നേരിടാനായി ഒപ്പുവെച്ച പ്രതിരോധസുരക്ഷാ കരാറിനെതിരേ ശക്തമായ പ്രതിഷേധവുമായി ഫ്രാൻസ് രംഗത്തെത്തിയിരുന്നു. കരാറിനെതിരായ പ്രതിഷേധത്തിൽ കൂടുതൽ രാജ്യങ്ങളെ അണിനിരത്താൻ ഫ്രാൻസ് ലക്ഷ്യമിടുന്നുണ്ട്. അതിനിടെ ഫ്രാൻസിന്റെ നിലപാടിന് ഐക്യദാർഢ്യമറിയിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്.