സിയുദാദ് വിക്ടോറിയ (മെക്സിക്കോ): സ്വ‌പ്നങ്ങളുമായി ജീവിതത്തിന്റെ മറുകര തേടിയിറങ്ങുമ്പോൾ രണ്ടുവയസ്സുകാരിയായ മകൾ വലേറിയയെയും ഒപ്പംകൂട്ടിയിരുന്നു 25-കാരനായ ഓസ്‍കർ മാർട്ടിനെസ് റാമിറെസ്. ഒടുവിൽ പാതിവഴിയിൽ പ്രതീക്ഷകളറ്റ് നിലയില്ലാക്കയത്തിലേക്ക് താണുപോയപ്പോഴും ജീവനറ്റ ശരീരങ്ങളായി കരയിലടിഞ്ഞപ്പോഴും ആ അച്ഛൻ മകളെയും മകൾ അയാളെയും ചേർത്തുപിടിച്ച നിലയിലായിരുന്നു.

ഓസ്‍കർ മാർട്ടിനെസും അച്ഛന്റെ മേൽക്കുപ്പായത്തിനുള്ളിൽ അയാളുടെ കഴുത്തിൽ കൈയിട്ട് കമിഴ്ന്നുകിടക്കുന്ന കുഞ്ഞു വലേറിയയും ബുധനാഴ്ച വീണ്ടും ലോകത്തെ കരയിച്ചു. അഭയാർഥികൾക്കുമുന്നിൽ വാതിൽ കൊട്ടിയടയ്ക്കുന്ന അധികാരികളുടെപോലും ഉള്ളുരുകുംവിധം.

മെക്സിക്കോയിൽനിന്ന് യു.എസിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെയാണ് റിയോ ഗ്രാൻഡെ നദിയിൽ ഓസ്‍കറും വലേറിയയും മുങ്ങിമരിച്ചത്. എൽ സാൽവദോർ പൗരനാണ് ഓസ്‍കർ. ഞായറാഴ്ച ഉച്ചയ്ക്ക് മകളെ ആദ്യം മറുകരയിലെത്തിച്ചശേഷം 21-കാരിയായ ഭാര്യ താനിയ വനേസ്സ അവാലോസിനെ അക്കരെയെത്തിക്കാനായി തിരികെ നീന്തുകയായിരുന്നു ഓസ്‍കർ. എന്നാൽ, തീരത്ത് ഒറ്റയ്ക്കായ വലേറിയ പേടിച്ചുകരയുകയും വെള്ളത്തിലേക്ക് എടുത്തുചാടുകയും ചെയ്തു. ഓസ്‍കർ മകളുടെ അടുത്തെത്തി അവളെ തൻറെ മേൽക്കുപ്പായത്തിനുള്ളിലാക്കി ചേർത്തുകെട്ടിയെങ്കിലും പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇരുവരും ഒഴുകിപ്പോകുകയായിരുന്നു. താനിയയുടെ കൺമുന്നിലായിരുന്നു ദാരുണ സംഭവം. തിങ്കളാഴ്ച ടാമൗലിപാസ് സംസ്ഥാനത്തെ മാറ്റാമൊറോസിൽനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടുകിട്ടിയത്.

‘‘പോകരുതെന്ന് അവനോട് യാചിച്ചുപറഞ്ഞിരുന്നു. എന്നാൽ, വീടുവെക്കണമെന്നും അതിന് പണം വേണമെന്നും പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്’’ -ഓസ്‍കറിന്റെ അമ്മ റോസ റാമിറെസ് കണ്ണീരോടെ പറഞ്ഞു. അഭയാർഥിവിസയിൽ തങ്ങൾ രണ്ടുമാസമായി മെക്സിക്കോയിൽ കഴിഞ്ഞുവരുകയായിരുന്നുവെന്നും യു.എസ്. അധികൃതരെ നേരിട്ടുബന്ധപ്പെട്ട് അഭയമാവശ്യപ്പെടാൻ കഴിയാത്തതിനാലാണ് നദി മുറിച്ചുകടക്കാനുള്ള തീരുമാനമെടുത്തതെന്നും താനിയ വാർത്താ ഏജൻസിയായ എ.പി.യോട് പറഞ്ഞു.

മെക്സിക്കൻ പത്രമായ ലാ ജോർനാഡയാണ് മൃതദേഹങ്ങളുടെ ചിത്രം പ്രസിദ്ധീകരിച്ചത്. 2015-ൽ ലോകത്തെ കരയിച്ച സിറിയൻ ബാലൻ അലൻ കുർദിയുടെ ചിത്രത്തിന് സമാനമായതായി ഓസ്‍കറിന്റെയും വലേറിയയുടെയും ചിത്രവും.

ജീവൻ അപകടത്തിലാക്കരുത്

സ്വന്തം ജീവൻ അപകടത്തിലാക്കി അനധികൃത കുടിയേറ്റത്തിന് ശ്രമിക്കരുത്.

-അലക്സാൻഡ്ര ഹിൽ (എൽ സാൽവദോർ വിദേശകാര്യമന്ത്രി)

ഖേദകരം

അതിർത്തിയിലെ മരുഭൂമികളിലും റിയോ ഗ്രാൻഡെ നദി കടക്കുമ്പോഴും ഒട്ടേറെപ്പേരുടെ ജീവൻ നഷ്ടമാകുന്നുണ്ട്. എന്നും ഞങ്ങളതിനെ അപലപിക്കുന്നു. നമുക്കാ രീതി വേണ്ട.

-ആന്ദ്രേ ഒബ്രദോർ (മെക്സിക്കൻ പ്രസിഡന്റ്)

Content Highlights: Mexico, US