വാഷിങ്ടണ്‍: അനധികൃതകുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള തുക അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അരിസോണയിലെ ഫീനിക്‌സില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

മതില്‍ നിര്‍മാണത്തെ എതിര്‍ക്കുന്ന ഡെമോക്രാറ്റുകളുടെ നിലപാട് യു.എസിന്റെ സുരക്ഷയെ അപകടത്തിലാക്കുന്നു. അനധികൃതകുടിയേറ്റം തടയണമെന്ന് അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. മതില്‍ നിര്‍മാണത്തിന് പണമാവശ്യപ്പെട്ടുള്ള ബില്‍ അവതരിപ്പിക്കും. അതിന് അനുമതിയില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും. ട്രംപ് പറഞ്ഞു. അങ്ങനെ വന്നാല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അവശ്യസേവനമൊഴികെയുള്ള എല്ലാ സേവനങ്ങളും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളും നിലയ്ക്കും.

മതില്‍ നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു. മതില്‍ നിര്‍മിക്കാനുള്ള ഫണ്ടിന് അംഗീകാരം ലഭിക്കാന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളുടെ സഹായം വേണം. എന്നാല്‍, അതിന് സാധ്യത ഈ സന്ദര്‍ഭത്തില്‍ കുറവാണ്.

വെര്‍ജീനിയയില്‍ സംഘര്‍ഷമുണ്ടായശേഷം ട്രംപ് പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു അരിസോണ റാലി. വെര്‍ജീനിയ സംഭവത്തില്‍ മാധ്യമങ്ങളെ ട്രംപ് അതിരൂക്ഷമായി വിമര്‍ശിച്ചു. തീവ്ര വലതുപക്ഷ സംഘടനകള്‍ക്ക് ഒരു വേദി ഒരുക്കിയത് മാധ്യമങ്ങളാണെന്നാണ് ട്രംപിന്റെ വിമര്‍ശം. ട്രംപ് പ്രസംഗിക്കുന്നതിനിടെ വേദിക്ക് പുറത്ത് ട്രംപ് വിരുദ്ധരും പോലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ കല്ലുകളും കുപ്പികളും എറിഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു.