ടോക്യോ/മെക്‌സിക്കോ സിറ്റി: ട്രാന്‍സ് പസഫിക് വാണിജ്യസഹകരണ ഉടമ്പടിയില്‍നിന്ന് (ടി.പി.പി.) ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയുടെ തീരുമാനത്തിന്മേല്‍ പ്രതിഷേധം ശക്തമാകുന്നു. ട്രംപ് ഭരണകൂടവുമായുള്ള ബന്ധം പുനര്‍നിര്‍വചിക്കേണ്ടി വരുമെന്ന് മെക്‌സിക്കോ പ്രസിഡന്റ് എന്റിക്ക് പെന നീറ്റോ പ്രതികരിച്ചു.
 
മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്നും കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുമായി എത്തിച്ചേര്‍ന്ന വടക്കന്‍ അമേരിക്കന്‍ സ്വതന്ത്രവാണിജ്യ കരാര്‍ സംബന്ധിച്ച് കൂടുതല്‍ചര്‍ച്ച നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഭജിക്കുന്നതിനേക്കാള്‍ ഒന്നിപ്പിക്കുന്ന അതിര്‍ത്തിയാണ് വേണ്ടതെന്ന് നീറ്റോ അഭിപ്രായപ്പെട്ടു. ട്രംപുമായുള്ള ചര്‍ച്ചയില്‍ സ്വതന്ത്രവ്യാപാരം സംരക്ഷിക്കാനായി 10 ലക്ഷ്യങ്ങള്‍ക്കായി വാദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ ആഗോള പ്രതിസന്ധികളെ മറികടക്കുകയെന്നതു പോലെ തന്നെ പുതിയ അവസരങ്ങളെ സമര്‍ഥമായി ഉപയോഗിക്കാനും മെക്‌സിക്കോ ശ്രമിക്കും. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ലാറ്റിന്‍ അമേരിക്കന്‍ സാമ്പത്തിക ശക്തികളായ അര്‍ജന്റീന, ബ്രസീല്‍, തുടങ്ങിയവയുമായി ചര്‍ച്ച നടത്തുമെന്നും നീറ്റോ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ പങ്കാളിത്തമില്ലാതെ ഉടമ്പടി അര്‍ഥരഹിതമാണെന്ന് ജപ്പാന്‍ സര്‍ക്കാര്‍ പ്രതികരിച്ചു. ഉടമ്പടിയുടെ ലക്ഷ്യത്തെ ഇത് ബാധിക്കും. എന്നാല്‍ ടി.പി.പി. പോലൊരു ചട്ടക്കൂടിനകത്ത് പ്രവര്‍ത്തിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങളേക്കുറിച്ച് ട്രംപ് ഭരണകൂടത്തെ ബോധ്യപ്പെടുത്താന്‍ ജപ്പാന്‍ തുടര്‍ന്നും ശ്രമിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ഹൊയ്ചി ഹെഗെഡ പറഞ്ഞു.