മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ പ്രധാന പടക്ക മാര്‍ക്കറ്റിലുണ്ടായ വന്‍സ്‌ഫോടനത്തില്‍ 31 പേര്‍ മരിച്ചു. 72 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. തലസ്ഥാനനഗരമായ മെക്‌സിക്കോസിറ്റിയില്‍നിന്ന് 40 കിലോമീറ്റര്‍ വടക്ക് തുല്‍തെപെകിലെ സാന്‍ പാബ്ലിതോ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് മാര്‍ക്കറ്റില്‍ വലിയ തിരക്കായിരുന്നു. മെക്‌സിക്കന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.50-നായിരുന്നു സ്‌ഫോടനം. അപകടകാരണം വ്യക്തമായിട്ടില്ല.

26 പേര്‍ സംഭവസ്ഥലത്തും അഞ്ചുപേര്‍ ആസ്​പത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാനായി ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് മെക്‌സിക്കോ സ്റ്റേറ്റ് ഗവര്‍ണര്‍ എറുവൈല്‍ ആവില അറിയിച്ചു.അപകടത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്നിശമനസേനാംഗങ്ങള്‍ മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.അപകടത്തില്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്കോ പെന നൈറ്റോ അനുശോചിച്ചു.