മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ശനിയാഴ്ചയുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു. വിനോദസഞ്ചാരകേന്ദ്രമായ പ്ലാസ ഗരിബാൾഡിയിൽ പരന്പരാഗത സംഗീതജ്ഞരായ മരിയാച്ചി ഗായകരുടെ വേഷം ധരിച്ചെത്തിയയാളാണ് ആക്രമണം നടത്തിയത്. റോഡ് മുറിച്ചുകടക്കുന്നവർക്കുനേരെയായിരുന്നു തോക്കുധാരിയുടെ ആക്രമണം. വെടിവെപ്പിനുശേഷം ഇയാൾ മോട്ടോർബൈക്കിൽ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.

ലാ യൂണിയൻ മയക്കുമരുന്നുസംഘത്തിന്റെ കേന്ദ്രമായ ‍ടെപിതോ ജില്ലയുമായി അതിർത്തിപങ്കിടുന്ന പ്രദേശമാണ് പ്ലാസ ഗരിബാൾഡി. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരേ മെക്സിക്കോ സർക്കാർ നടപടി ശക്തമാക്കിയ 2006 മുതൽ ഇതുവരെ രണ്ടുലക്ഷത്തിലേറെപ്പേരാണ് മെക്സിക്കോയിൽ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തത്.