മക്‌സിക്കോ സിറ്റി: റിക്റ്റര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദക്ഷിണകിഴക്കന്‍ മെക്‌സിക്കോയെ കുലുക്കി. തെക്കന്‍ സംസ്ഥാനമായ ഓക്‌സാക്കയാണ് പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.

5.8 ശക്തി രേഖപ്പെടുത്തിയ തുടര്‍ ചലനവും ഉണ്ടായി. ഭൂചലനത്തെത്തുടര്‍ന്ന് അവശ്യനടപടികള്‍ സ്വീകരിച്ചതായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്കെ പെന നെയ്‌റ്റോ ട്വീറ്റ് ചെയ്തു. അതിനിടെ, സംഭവസ്ഥലം സന്ദര്‍ശിക്കുകയായിരുന്ന ഓക്‌സക്കാ ഗവര്‍ണര്‍ കയറിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ടു.

2017 സെപ്റ്റംബറില്‍ രണ്ട് വലിയ ഭൂകമ്പങ്ങള്‍ മെക്‌സിക്കോയില്‍ വന്‍ നാശം വിതച്ചിരുന്നു. സെപ്റ്റംബര്‍ എട്ടിന് കിഴക്കന്‍ തീരത്ത് 8.1 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടിരുന്നു. 10 ദിവസത്തിനുശേഷം മെക്‌സിക്കോ സിറ്റിയില്‍ അനുഭവപ്പെട്ട മറ്റൊരു ശക്തമായ ഭൂചലനത്തില്‍ 216 പേരും മരിച്ചു.