മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരണം 61 ആയി. പസഫിക് തീരങ്ങളെ വിറപ്പിച്ച് 8.2 തീവ്രത രേഖപ്പെടുത്തിയ ചലനം രാജ്യത്ത് നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയതായിരുന്നു.

യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ച തബാസ്‌കോ, ഒവാക്‌സാക്ക, ചിയാപാസ് തുടങ്ങിയ പ്രദേശങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ചിയാപാസില്‍ മാത്രം 1700 വിടുകളും 700 സ്‌കൂളുകളും 18 കെട്ടിടങ്ങളും തകര്‍ന്നു. ഒവാക്‌സാക്കയില്‍ 45 പേര്‍ മരിച്ചു. ഇവിടെ ജൂചിറ്റാന്‍ നഗരത്തില്‍ 17 മരണം റിപ്പോര്‍ട്ടുചെയ്തു.

തെക്കന്‍ മെക്‌സിക്കോയിലെ തീരനഗരമായ ടൊണാലയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആറു തുടര്‍ചലനങ്ങളുമുണ്ടായി. രാജ്യത്തെ അഞ്ചുകോടിപ്പേരെ ഭൂകമ്പം ബാധിച്ചതായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാ നീറ്റോ പറഞ്ഞു.

1985-ല്‍ തീവ്രത എട്ട് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായിരത്തോളംപേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ ഇരട്ടിയോളം പ്രദേശത്തെ ഈ ഭൂകമ്പം ബാധിച്ചു.