മെക്‌സിക്കോസിറ്റി: അമേരിക്കയുടെ 'വെറ്റ് ഫൂട്ട്, ഡ്രൈ ഫൂട്ട്' നയം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് 91 ക്യൂബക്കാരെ മെക്‌സിക്കോ ക്യൂബയിലേക്ക് തിരിച്ചയച്ചു. അമേരിക്കയില്‍ താമസിച്ച് ഒരുവര്‍ഷം കഴിയുന്ന ക്യൂബന്‍ പൗരന്മാര്‍ക്ക് പിന്നീട് ഇവിടെ സ്ഥിരതാമസത്തിനുള്ള അനുമതിനല്‍കുന്ന നയമാണ് 'വെറ്റ് ഫൂട്ട്, ഡ്രൈ ഫൂട്ട്'. മെക്‌സിക്കോയില്‍ താമസമാക്കിയ 71 പുരുഷന്മാരെയും 20 സ്ത്രീകളെയുമാണ് വെള്ളിയാഴ്ച രാവിലെ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്ക് തിരിച്ചയച്ചത്.

1995-ല്‍ നടപ്പാക്കിയ 'വെറ്റ് ഫൂട്ട്, ഡ്രൈ ഫൂട്ട്' നയം അവസാനിപ്പിച്ചശേഷം രാജ്യത്താദ്യമായാണ് ഇതുമായി ബന്ധപ്പെട്ട് നടപടിസ്വീകരിക്കുന്നത്. അമേരിക്ക-ക്യൂബ നയതന്ത്രബന്ധം സാധാരണനിലയിലാക്കുന്നതിന്റെ ഭാഗമായി ജനുവരി ആദ്യം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഈ നിയമം നിര്‍ത്തലാക്കിയത്. അമേരിക്കന്‍ കുടിയേറ്റക്കാരുടെ തിരിച്ചുവരവ് ക്യൂബന്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ടുചെയ്തു.

അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള ക്യൂബയുടെ കുടിയേറ്റനിയമങ്ങള്‍ സാധാരണഗതിയിലാക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ തിരിച്ചുവരവിനെ ക്യൂബന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നത്.