വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ വീണ്ടും വിവാദത്തില്‍. ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി മെലാനിയ തുടക്കമിട്ട പ്രചാരണ പരിപാടിയാണ് ഒടുവില്‍ വിമര്‍ശകരുടെ ആക്രമണത്തിനിരയായത്.

പ്രചാരണത്തിനായി പ്രസിദ്ധീകരിച്ച കൈപ്പുസ്തകമായ 'ബി ബെസ്റ്റി'ന്റെ ഉള്ളടക്കം കോപ്പിയടിച്ചതാണെന്നാണ് ആരോപണം. മുന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ കാലത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തില്‍ നല്‍കിയ അതേവിവരങ്ങളും ഗ്രാഫിക്‌സുമാണ് പുതിയ പുസ്തകത്തിലുമുള്ളതെന്നാണ് വിമര്‍ശനം.

നേരത്തേ, ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ചതിന്റെ പേരില്‍ മെലാനിയ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. 2008-ല്‍ മിഷേല്‍ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ മെലാനിയ കോപ്പിയടിച്ചത്.