റെസ്സോ: ഡൊമിനിക്കയിൽ ഏതാനും രേഖകൾ കരീബിയൻ കടലിലെറിഞ്ഞ് നശിപ്പിക്കുമ്പോഴാണ് രത്നവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിലാകുന്നതെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. ഡൊമിനിക്കൻ പൗരനായ ഹാരി ബാരണിന്റേതാണ് വെളിപ്പെടുത്തൽ. പോലീസിനെക്കണ്ട് ചോക്സി ഓടി. സംശയം തോന്നിയ പോലീസ് പിന്നാലെ ഓടി. രണ്ടുതവണ ചോക്സി തടഞ്ഞുവീണു. പിന്നാലെ പോലീസ് പിടികൂടിയെന്നും ഇയാളെ ഉദ്ധരിച്ച് കരീബിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ആന്റിഗയിൽനിന്ന് രക്ഷപ്പെട്ട് ക്യൂബയിലേക്ക് കടക്കാനായിരുന്നു ചോക്സിയുടെ ശ്രമമെന്ന് ഡൊമിനിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. തുടർന്ന് സംഭവം തട്ടിക്കൊണ്ടുപോകലാണെന്ന് വരുത്തിത്തീർക്കാൻ ചോക്സിയുടെ സഹോദരൻ പ്രതിപക്ഷനേതാവ് ലെന്നക്സി ലിന്റന് പണം വാഗ്ദാനംചെയ്തുവെന്നും മാധ്യമങ്ങൾ പറയുന്നു. പി.എൻ.ബി.യിൽ നിന്ന് 3,500 കോടി രൂപയുടെ വായ്പത്തട്ടിപ്പുനടത്തി ഇന്ത്യ വിട്ട ചോക്സി പിന്നീട് ആന്റിഗയിൽ പൗരത്വമെടുക്കുകയായിരുന്നു.

പെൺസുഹൃത്തിനെ കാണാൻ ചെന്നപ്പോൾ പത്തുപേർ ക്രൂരമായി മർദിച്ചു -ചോക്സി

സെയ്‌ന്റ് ജോൺസ്: ആന്റിഗയിലെ മരിനയിൽ താമസിക്കുന്ന പെൺസുഹൃത്ത് ബാർബറ ജബറിക്കയെ കാണാൻ ചെന്ന തന്നെ പത്തോളംപേർ ചേർന്ന് മർദിച്ചവശനാക്കിയെന്ന് ആന്റിഗൻ പോലീസ് കമ്മിഷണർക്കുനൽകിയ പരാതിയിൽ ചോക്സി ആരോപിക്കുന്നു. ജോളി ഹാർബറിലെ തന്റെ താമസകേന്ദ്രത്തിനടുത്താണ് അവർ മുമ്പ് താമസിച്ചിരുന്നത്. സ്ഥിരമായി കാണുകയും സംസാരിക്കാറുമുണ്ടായിരുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി ഒരുദിവസം വീട്ടിലേക്ക് വരാനാവശ്യപ്പെട്ടു. അതുപ്രകാരം വീട്ടിലെത്തിയ തന്നെ ഒരു സംഘമാളുകളെത്തി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഫോണും വാച്ചും പണസഞ്ചിയും അവർ പിടിച്ചുവാങ്ങി. ചെറുതോണിയിലിട്ടാണ് അവർ ആക്രമിച്ചത്. പിന്നീട് കണ്ണുകെട്ടി വലിയ ബോട്ടിലേക്ക് മാറ്റി. മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടുപോയവരിൽനിന്ന് രക്ഷപ്പെടാനാവാത്ത സ്ഥിതിയായിരുന്നെന്നും ചോക്സി പറയുന്നു.

Content Highlights: Mehul Choksi Was Disposing Documents Into Caribbean Sea Before Arrest: Report