റോസൗ: പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പുകേസിൽ പ്രതിയായ രത്നവ്യാപാരി മെഹുൽ ചോക്സിയെ രക്ഷിക്കാൻ സഹോദരൻ‌ ചേതൻ ചോക്സി ഡൊമിനിക്കൻ പ്രതിപക്ഷനേതാവ് ലിനക്സ് ലിന്റണ് കൈക്കൂലി നൽകിയതായി റിപ്പോർട്ട്. ഞായറാഴ്ച ലിന്റണുമായി കൂടിക്കാഴ്ച നടത്തിയ ചേതൻ ചോക്സി, അനുകൂലമായ ഇടപെടലുകൾ പാർലമെന്റിൽ ഉൾപ്പെടെ നടത്താൻ പണം നൽകിയതായി ‘അസോസിയേറ്റ്സ് ടൈംസ്’ റിപ്പോർട്ടുചെയ്തു.

1.46 കോടി രൂപ(രണ്ടുലക്ഷം യു.എസ്. ഡോളർ) ചേതൻ പ്രതിപക്ഷനേതാവിന് നൽകുകയും 10 ലക്ഷം യു.എസ്. ഡോളറിലധികം തിരഞ്ഞെടുപ്പുപ്രചാരണത്തിന് വാഗ്ദാനം ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭാഷണത്തിനിടെ സ്വന്തം ഇഷ്ടപ്രകാരമാണ് മെഹുൽ ഡൊമിനിക്കയിലെത്തിയതെന്നും എന്നാൽ, ആന്റിഗയിൽനിന്ന്‌ തട്ടിക്കൊണ്ടുവരുകയായിരുന്നുവെന്ന് കോടതിയിൽ ഉൾപ്പെടെ ബോധ്യപ്പെടുത്തണമെന്നും ചേതൻ ആവശ്യപ്പെട്ടു.

ആരോപണങ്ങൾ ലിന്റൺ നിഷേധിച്ചിട്ടുണ്ട്. നേരത്തേയും ലിന്റണുനേരെ അഴിമതിയാരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ഇന്ത്യൻസംഘം ഡൊമിനിക്കയിൽ‌

ന്യൂഡൽഹി: ചോക്സിയെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻസംഘം കരീബിയൻ ദ്വീപ്‌ രാജ്യമായ ഡൊമിനിക്കയിലെത്തിച്ചേർന്നു. ചോക്സിയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട കേസിൽ ബുധനാഴ്ച ഡൊമിനിക്കൻ കോടതി വാദംകേൾക്കാനിരിക്കെയാണ് നടപടി. ഇന്ത്യയിൽനിന്നുള്ള ആദ്യസംഘം വെള്ളിയാഴ്ചയും എട്ടുപേർകൂടി തിങ്കളാഴ്ചയും രാജ്യത്തെത്തിച്ചേർന്നതായി പ്രതിപക്ഷനേതാവ് ലിനക്സ് ലിന്റൺ സ്ഥിരീകരിച്ചിട്ടുണ്ട്.

മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം കോടതിയിൽ കാര്യങ്ങൾ വിശദീകരിക്കും. ചോക്സിക്കെതിരേ ഇന്ത്യയിലുള്ള കേസുകളെക്കുറിച്ചും എന്തുകൊണ്ട് ചോക്സിയെ ഇന്ത്യക്ക്‌ കൈമാറണമെന്നതും കോടതിയെ ബോധ്യപ്പെടുത്താനാകും സംഘത്തിന്റെ ശ്രമം.

Content Highlights: Mehul Choksi PNB scam