ന്യൂയോർക്ക്: പഞ്ചാബ് നാഷണൽ ബാങ്കിൽ(പി.എൻ.ബി.)നിന്ന് 13,400 കോടി രൂപ തട്ടിപ്പുനടത്തി രാജ്യംവിട്ട വിവാദവ്യവസായി മെഹുൽ ചോക്സി ചതിയനാണെന്നും ഇന്ത്യയിലേക്ക് താമസിയാതെ തിരിച്ചയക്കുമെന്നും ആന്റിഗ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ.

മെഹുൽ ചോക്സിയെയും അദ്ദേഹത്തിന്റെ മരുമകൻ നീരവ് മോദിയെയും ഇന്ത്യയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.ഐ.യും ചോദ്യംചെയ്യാനിരിക്കയാണ്.

ആന്റിഗ ആൻഡ് ബാർബുഡയിൽ കോടതിക്കുമുന്നിലാണ് ഇപ്പോൾ കാര്യങ്ങൾ. ചതിയനാണെന്ന് ആരോപിക്കപ്പെട്ടയാളാണ് മെഹുൽ ചോക്സി. അദ്ദേഹത്തെക്കൊണ്ട് ഞങ്ങളുടെ രാജ്യത്തിന് ഒരു ഗുണവും ലഭിക്കാനില്ല. ചോക്സിയുടെ അപേക്ഷകളെല്ലാം തള്ളിക്കളഞ്ഞശേഷം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കും. ഇന്ത്യയിൽ ചോക്സിക്കെതിരേയുള്ള കേസുകളിൽ അദ്ദേഹത്തെ ചോദ്യംചെയ്യുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാകില്ല യു.എൻ. പൊതുസഭാ സമ്മേളനത്തിന് ന്യൂയോർക്കിലെത്തിയ ബ്രൗൺ ദൂരദർശൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2018-ലാണ് പി.എൻ.ബി.യിലെ തട്ടിപ്പുകേസ് പുറത്തുവന്നത്. അതിനുമുമ്പുതന്നെ കേസിലെ മുഖ്യപ്രതിയായ ചോക്സിയും നീരവ് മോദിയും രാജ്യംവിട്ടിരുന്നു. തട്ടിപ്പ് പുറത്തെത്തുന്നതിന് രണ്ടുമാസം മുമ്പുതന്നെ ആന്റിഗ ആൻഡ് ബാർബുഡയിൽ പൗരത്വം നേടുന്നതിനുള്ള രേഖകൾ ചോക്സി തയ്യാറാക്കിയിരുന്നു. നിലവിൽ ആന്റിഗ ബാർബുഡയും ഇന്ത്യയും തമ്മിൽ കുറ്റവാളി കൈമാറ്റക്കരാർ ഇല്ല. നീരവ് മോദി ഇപ്പോൾ ലണ്ടനിൽ ജയിലിലാണ്.

content highlights: Mehul Choksi is a cheater says Antigua