ന്യൂയോർക്ക്: ആന്റിഗയിൽ അഭയം തേടിയിട്ടുള്ള പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയെ തിരികെയെത്തിക്കാൻ ഇന്ത്യയ്ക്ക് പൂർണ പിന്തുണ ഉറപ്പുനൽകുന്നുവെന്ന് ആന്റിഗ. യു.എൻ. പൊതുസഭാസമ്മേളനത്തിനോടനുബന്ധിച്ച് ആന്റിഗ വിദേശകാര്യമന്ത്രി ഇ.പി. ഷെറ്റ് ഗ്രീനുമായി നടത്തിയ ചർച്ചയിൽ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ചോക്സിയെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന വിഷയം ചൂണ്ടിക്കാട്ടിയിരുന്നു.

ചോക്സിയെ തിരിച്ചെത്തിക്കുന്നതിന് സഹകരിക്കും. എന്നാൽ, ഇതിന് ചില നിയമവശങ്ങളും കോടതിനടപടികളുമുണ്ട്. ഇവ പരിശോധിച്ചശേഷം ആന്റിഗ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ഗ്രീൻ, സുഷമയ്ക്ക് മറുപടിനൽകി. ചോക്സിയെ തിരിച്ചെത്തിക്കാൻ എത്രനാളെടുക്കുമെന്ന് കൃത്യമായി പറയാനാവില്ലെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസിന് മറുപടി നൽകാൻ ചോക്സിക്ക്‌ ഒക്ടോബർ 30 വരെ സമയമനുവദിച്ച് പ്രത്യേക കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.