വാഷിങ്ടൺ: വനിതാസഹപ്രവർത്തകർക്കൊപ്പം അത്താഴവിരുന്ന് കഴിയുന്നതും ഒഴിവാക്കുക, വിമാനത്തിൽ അവരുടെ അടുത്ത സീറ്റുകളിൽ ഇരിക്കരുത്, അവർക്കൊപ്പം ഒരു ഹോട്ടലിൽ താമസിക്കേണ്ടിവന്നാൽ വ്യത്യസ്തനിലകളിലെ മുറികൾ തിരഞ്ഞെടുക്കുക, ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കുക -മീടൂ കാമ്പയിൻ ലോകത്തെ പിടിച്ചുകുലുക്കി ഒരുവർഷം പിന്നിടുമ്പോൾ യു.എസിലെ കോർപ്പറേറ്റ് മേഖല പിന്തുടരാൻ തുടങ്ങിയ അലിഖിത നിയമങ്ങളാണിവ.

മീടൂ വെളിപ്പെടുത്തലുകൾ ലോകത്തെ മാറ്റിമറിച്ചതിനൊപ്പംതന്നെ സ്ത്രീകളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കിമാറ്റിയെന്നുമാണ് ഇതുതെളിയിക്കുന്നത്. മീടൂവിൽ കുടുങ്ങിയേക്കാമെന്ന ഭയം പുരുഷന്മാരെയും കമ്പനിനേതൃത്വത്തെയും കൂടുതൽ ജാഗരൂകരാക്കുന്നു. എന്നാൽ, സ്ത്രീകൾ വീണ്ടും പിന്നോട്ടുനയിക്കപ്പെടുന്നുവെന്നതാണ് ഈ അമിതജാഗ്രതയുടെ പരിണതഫലം.

ഇക്കാലത്ത് ഒരുസ്ത്രീയെ ജോലിയിലേക്ക് പരിഗണിക്കുന്നതിൽത്തന്നെ വലിയൊരു ‘അപകടസാധ്യത’ ഒളിഞ്ഞിരിക്കുന്നുവെന്ന് യു.എസിലെ സാമ്പത്തികമേഖലയിലെ ഉപദേശകൻ പറയുന്നു. തങ്ങൾ പറയുന്നതെന്തെങ്കിലും അവർ തെറ്റിദ്ധരിച്ചാൽ അവിടെത്തീർന്നില്ലേ കാര്യങ്ങളെന്നും അദ്ദേഹം ചോദിക്കുന്നു.

യു.എസിൽ ഈ അമിതജാഗ്രതയ്ക്ക് ഒരു പേരുമിട്ടുകഴിഞ്ഞു ‘പെൻസ് ഇഫക്ട്’. മീടൂവിനെത്തുടർന്ന് ഭാര്യയോടൊപ്പമല്ലാതെ മറ്റൊരു സ്ത്രീക്കൊപ്പം തനിച്ച് ഭക്ഷണം കഴിക്കുന്നത് താൻ ഒഴിവാക്കിയെന്ന യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പരാമർശമാണ് ഇതിനുകാരണം. വാസ്തവത്തിൽ ഈ ഭയം നയിക്കുന്നത് ലിംഗവിവേചനത്തിലേക്കാണ്.

മീടൂ വിവാദങ്ങൾ തങ്ങളെ പരിഭ്രാന്തരാക്കിയതായി യു.എസിലെ വൻകിട കോർപ്പറേറ്റ് കമ്പനികളിലെ 30 ഉന്നതോദ്യോഗസ്ഥർ സമ്മതിക്കുന്നു. ജോലിസ്ഥലത്തെ തങ്ങളുടെ പെരുമാറ്റം ശരിയാണോയെന്ന ചിന്ത, ശരിയായ കാര്യംചെയ്യുമ്പോൾപോലും തെറ്റാണോയെന്ന ആശങ്ക എന്നിവ തങ്ങളെ ബാധിച്ചതായും അവർ പറഞ്ഞു.

ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരായ ലൈംഗികാരോപണങ്ങളുടെ തുറന്നുപറച്ചിലിലൂടെയാണ് മീടൂ കാമ്പയിൻ ലോകശ്രദ്ധയാകർഷിക്കുന്നത്.

Content Highlights: mee too campaign- corporate companies-women