ലിമ(പെറു): ചരിത്രത്തിലെ ഏറ്റവുംവലിയ ‘കുട്ടികളുടെ കൂട്ടക്കുരുതി’കളിലൊന്നിന്റെ തെളിവുകൾ പുറത്തുകൊണ്ടുവന്ന് പുരാവസ്തു ഗവേഷകർ. ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിന്റെ വടക്കൻ തീരത്ത് ഹ്വാൻചകോ നഗരത്തിനടുത്താണ് ഗവേഷകർ ഒറ്റക്കുഴിമാടത്തിൽ ബലി നൽകപ്പെട്ട 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അഞ്ചുവയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണിത്. 500 വർഷംമുമ്പ് ബലിനൽകിയ കുഞ്ഞുങ്ങളുടെതാണ് ഇവയെന്നാണ് കരുതുന്നത്. രാജ്യത്തെ രണ്ടുസ്ഥലങ്ങളിൽനിന്നായി 200 കുട്ടികളെ ബലികൊടുത്തതിന്റെ തെളിവുലഭിച്ച് ഒരുവർഷം തികയുംമുമ്പാണ് പുതിയ ബാലബലി പുറത്തുവരുന്നത്.
പന്ത്രണ്ടാംനൂറ്റാണ്ടുമുതൽ പതിനഞ്ചാംനൂറ്റാണ്ടുവരെ പെറുവിന്റെ വടക്കൻ തീരത്തുണ്ടായിരുന്ന ചിമു നാഗരികതയുടെ കാലത്ത് ബലിയർപ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് ഗവേഷകർ പറയുന്നത്. ക്രിസ്തുവർഷം 1475 വരെ നീണ്ട ചിമു സംസ്കാരകാലത്ത് ആയിരക്കണക്കിന് കുട്ടികൾ ബലി നൽകപ്പെട്ടതായാണ് കണക്ക്. എൽനിനോപോലുള്ള കാലാവസ്ഥാപ്രതിഭാസങ്ങളെ പ്രതിരോധിക്കാനാണ് ഇവർ കുട്ടികളെ ബലി നൽകിയിരുന്നത്. കഴിഞ്ഞവർഷംമുതലാണ് ഹ്വാൻചകോ മേഖലയിൽ പുരാവസ്തുഗവേഷകർ ഖനനം തുടങ്ങിയത്.
മഴയുള്ള സമയത്താണ് ബലി നടന്നിരിക്കുന്നത്. കടലിനെ അഭിമുഖീകരിച്ചു കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ. ചില അവശിഷ്ടങ്ങളിൽ ഇപ്പോഴും രോമവും തൊലിയും അവശേഷിക്കുന്നു. പ്രദേശത്തുനിന്ന് കുട്ടികളുടെ കൂടുതൽ മൃതദേഹങ്ങൾ കിട്ടാൻ സാധ്യതയുണ്ടെന്നാണ് ചീഫ് ആർക്കിയോളജിസ്റ്റ് ഫെറൻ കാസ്റ്റിലോ പറയുന്നത്.
പെറുമുതൽ ഇക്വഡോർവരെ പരന്നുകിടന്നിരുന്ന ചിമു സംസ്കാരം ഇൻകാ സാമ്രാജ്യത്തിന്റെ വരവോടെ അപ്രത്യക്ഷമാവുകയായിരുന്നു