പാരീസ്: കോവിഡ് ലോക്ഡൗണിൽ ഇളവുകൾ വരുത്തിക്കൊണ്ടിരിക്കുന്ന ഫ്രാൻസിൽ മുഖാവരണം നിർബന്ധമാക്കി സർക്കാർ. ഇതുപ്രകാരം വിദ്യാലയങ്ങളിലും പൊതുഗതാഗതത്തിലും നിരത്തുകളിലും കടകളിൽ സാധനം ലഭിക്കാനും മുഖാവരണം നിർബന്ധമാണ്. മുഖാവരണമില്ലാതെ വരുന്നവർക്ക് സാധനങ്ങൾ വിൽക്കരുതെന്നാണ് കടകൾക്ക് നൽകിയ നിർദേശം.

നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള വീഡിയോ ക്യാമറകൾ വഴി കാര്യങ്ങൾ നിരീക്ഷിക്കാനും സംവിധാനമുണ്ട്. ഇതുവരെ 26,000 കോവിഡ് മരണങ്ങൾ കണ്ട ഫ്രാൻസിലെ 94 ശതമാനം ആളുകളും മുഖാവരണം നിർബന്ധമാക്കിയ തീരുമാനത്തെ പിന്തുണയ്ക്കുന്നവരാണ്. 2004-ൽ പൊതുവിദ്യാലയങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയ ചരിത്രവും പൊതുഇടങ്ങളിൽ മുഖം മറയ്ക്കുന്ന നിഖാബും ബുർക്കയും ധരിക്കുന്നത് നിയമംവഴി വിലക്കിയ ചരിത്രവുമുള്ള രാജ്യമാണ് ഫ്രാൻസ്. എന്നാൽ, മതപരമായ കാരണങ്ങൾക്ക് മുഖം മറയ്ക്കുന്നത് നിയമവിരുദ്ധമായി തുടരുമെന്നും സർക്കാർ കുറിപ്പിലൂടെ വ്യക്തമാക്കി.

സിനിമാശാലകൾ തുറന്ന് ചൈന

ബെയ്ജിങ്: ആറുമാസത്തെ അടച്ചിടലിനുശേഷം ചൈനയിൽ സിനിമാശാലകൾ തുറന്നു. പ്രശ്നരഹിതമേഖലകളിൽ കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇവ പ്രവർത്തിക്കുക. സിനിമാശാലകളിൽ കാണികളുടെ എണ്ണം 30 ശതമാനമായി നിജപ്പെടുത്തിയതിനുപുറമേ പ്രദർശനങ്ങൾ 50 ശതമാനമായി കുറച്ചു. ടിക്കറ്റ് വിൽപ്പന ഓൺലൈൻ മാത്രമാക്കുകയും ചെയ്തു. ചൈനയിലെ ഏറ്റവും വലിയ സിനിമാപ്രദർശനകമ്പനിയായ വാൻഡ് ഫിലിം വൻ നഷ്ടത്തിലാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. രാജ്യത്തുടനീളം 600 സിനിമാശാലകളുള്ള കമ്പനി കഴിഞ്ഞവർഷത്തെ 52.4 ലക്ഷം യുവാൻ ലാഭത്തിന്റെ സ്ഥാനത്ത് 160 കോടി യുവാൻ നഷ്ടമാണ് പ്രതീക്ഷിക്കുന്നത് എന്നും വെളിപ്പെടുത്തിയിരുന്നു.