മാലെ: മാലദ്വീപിൽ ഞായറാഴ്ച നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് അബ്ദുള്ള യമീനിനെതിരേ പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സോലിഹിന് അപ്രതീക്ഷിത വിജയം. 58. 3 ശതമാനം വോട്ടുകളാണ് സോലിഹ് നേടിയത്. സോലിഹിന് 1,34,616 വോട്ടുകൾ ലഭിച്ചപ്പോൾ യമീന്റെ പിന്തുണ 96,132 വോട്ടുകളിലൊതുങ്ങി.
തിരഞ്ഞെടുപ്പ് ഫലമുയർത്തുന്ന സന്ദേശം വ്യക്തമാണ്. മാലദ്വീപിലെ ജനങ്ങൾക്ക് വേണ്ടത് മാറ്റവും സമാധാനവും നീതിയുമാണ്-സോലിഹ് പറഞ്ഞു.
പരാജയം അംഗീകരിക്കുന്നതായി അബ്ദുള്ള യമീൻ അറിയിച്ചു. അവർക്ക് വേണ്ടതിനെ മാലദ്വീപിലെ ജനങ്ങൾ തിരഞ്ഞെടുത്തുകഴിഞ്ഞു. വിജയം നേടിയ സോലിഹിനെ അഭിനന്ദിക്കുന്നു-ഫലപ്രഖ്യാപനത്തിനുശേഷം നടത്തിയ ടെലിവിഷൻ സന്ദേശത്തിൽ യമീൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യയും ചൈനയും സ്വാഗതം ചെയ്തു. ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന യമീന്റെ പരാജയം ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതാണ്. ജനാധിപത്യ ശക്തികളുടെ വിജയത്തോടൊപ്പം ജനാധിപത്യ-നിയമസംവിധാനങ്ങളോടുള്ള ആ രാജ്യത്തിന്റെ പ്രതിബദ്ധത കൂടിയാണ് വിജയത്തിൽ പ്രതിഫലിക്കുന്നതെന്നും മാലദ്വീപുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ഫലം യമീന് അനുകൂലമാക്കി മാറ്റാനായി വോട്ടെണ്ണലിൽ കൃത്രിമം നടത്തുമെന്ന അഭ്യൂഹമുയർന്നിരുന്നതിനാൽ അന്താരാഷ്ട്ര സമൂഹം ആകാംക്ഷയോടെയാണ് ഫലം കാത്തിരുന്നത്. പ്രധാന എതിരാളികളെയെല്ലാം ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തതോടെ യമീൻ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് തെളിഞ്ഞാൽ മാലദ്വീപിന് നേരെ ഉപരോധമുൾപ്പെടെയുള്ള നടപടികളെടുക്കുമെന്ന് യൂറോപ്യൻ യൂണിയനും യു.എസും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇബ്രാഹിം മുഹമ്മദ് സോലിഹ്
മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി.) അംഗമാണ് ഇബു എന്നു വിളിപ്പേരുള്ള ഇബ്രാഹിം മുഹമ്മദ് സോലിഹ്. 2011-മുതൽ എം.ഡി.പി.യുടെ പാർലമെന്ററി നേതാവാണ്. എം.ഡി.പി., ജുംഹൂരീ, അദാലത്ത് എന്നീ പ്രതിപക്ഷ പാർട്ടി സഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥിയായിരുന്നു അദ്ദേഹം.