മാലെ: മാലദ്വീപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടിക്ക് (എം.ഡി.പി.) വൻ വിജയം. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 87 അംഗ പാർലമെന്റിൽ മൂന്നിൽ രണ്ട് സീറ്റുകളും എം.ഡി.പി. നേടി. മുൻ പ്രസിഡന്റും നഷീദിന്റെ പ്രധാന എതിരാളിയുമായ അബ്ദുള്ള യമീൻ കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ്.
87-ൽ 60-ലേറെ സീറ്റുകൾ എം.ഡി.പി. നേടിയെന്നാണ് ആദ്യ ഫലസൂചനകൾ. യമീന്റെ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിന് വെറും നാല് സീറ്റുകൾ മാത്രമാണ് നേടാനായത്.
വിദേശത്ത് അഭയം തേടിയിരുന്ന നഷീദ് അഞ്ചുമാസത്തിന് മുൻപാണ് മാലദ്വീപിൽ തിരിച്ചെത്തിയത്. സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യമീനെ വീഴ്ത്തി നഷീദ് മന്ത്രിസഭയിലെ മുൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം സോലിഹ് അപ്രതീക്ഷിത വിജയം നേടിയതിന് പിന്നാലെയായിരുന്നു നഷീദിന്റെ തിരിച്ചുവരവ്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യമീൻ മത്സരിച്ചിട്ടില്ല.
രാജ്യത്ത് ജനാധിപത്യവും സ്ഥിരതയും നിലനിർത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് നഷീദ് പ്രതികരിച്ചു.