മാലെ: മാലദ്വീപിൽ ഇന്ത്യൻ സൈനികത്താവളത്തിന് അനുമതിനൽകി പകരം 100 കോടി രൂപയുടെ സഹായധനം കൈപ്പറ്റാൻ പദ്ധതിയിടുന്നതായുള്ള മാധ്യമറിപ്പോർട്ട് മാലദ്വീപ്‌ സർക്കാർ തള്ളി. മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദാണ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. മാലദ്വീപ് അതിർത്തി ഒരു വിദേശരാജ്യത്തിന്റെയും സൈനികത്താവളത്തിനായി അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അയൽരാജ്യങ്ങളുമായും അന്താരാഷ്ട്രസമൂഹമായും നല്ലബന്ധം പുലർത്താൻ ശ്രമിക്കുന്ന പുതിയ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിതെന്ന് അബ്ദുള്ള ഷാഹിദ് പറഞ്ഞു. മാലദ്വീപുകാരുടെ സ്വാതന്ത്ര്യവും പരമാധികാരവും വിട്ടുവീഴ്ച ചെയ്തും ദേശീയ താത്‌പര്യത്തിന് വിരുദ്ധമായും ഒരു ധാരണയ്ക്കും സർക്കാർ ശ്രമിക്കില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.

സൈനികസഹകരണം ശക്തിപ്പെടുത്തുന്നതിനുപകരമായി ഇന്ത്യ മാലദ്വീപിന് 100 കോടി രൂപ വാഗ്ദാനംചെയ്തതായി ജപ്പാൻ ദിനപത്രം ‘നിക്കി ഏഷ്യൻ റിവ്യൂ’ ആണ് റിപ്പോർട്ടുചെയ്തത്. ഈയിടെ ‍ഡൽഹിയിലെത്തിയ അബ്ദുള്ള ഷാഹിദ് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മാലദ്വീപിലെ പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഡിസംബർ 17-ന് ഇന്ത്യ സന്ദർശിക്കാനിരിക്കേയാണ് വിവാദ മാധ്യമറിപ്പോർട്ട് പുറത്തുവന്നത്. ചൈനയുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന മുൻസർക്കാർ നയത്തിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയ്ക്ക്‌ പ്രഥമപരിഗണന നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സോലിഹ് ഇന്ത്യയിലെത്തുന്നതെന്നാണ് വിലയിരുത്തൽ.