കാലിഫോര്‍ണിയ: ഇ-മെയില്‍ സേവനദാതാക്കളായ യാഹൂവിന്റെ നൂറുകോടിയിലധികംവരുന്ന ഉപഭോക്താക്കളടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. പേര്, ഇ-മെയില്‍ വിലാസം, ഫോണ്‍നമ്പര്‍, സുരക്ഷാചോദ്യങ്ങളും ഉത്തരങ്ങളും തുടങ്ങിയവ ചോര്‍ത്തിയതായി യാഹൂ തന്നെയാണ് ഉപഭോക്താക്കളെ അറിയിച്ചത്. ഉപഭോക്താക്കള്‍ മെയിലിന്റെ പാസ്വേഡ്, സുരക്ഷാചോദ്യങ്ങള്‍ തുടങ്ങിയവ മാറ്റാനും യാഹൂ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി.

2013 ഓഗസ്റ്റില്‍ സുരക്ഷാകോഡുകള്‍ ഭേദിച്ച് അനധികൃതമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സൈബര്‍ ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്. സൈബര്‍ സുരക്ഷാരംഗത്തെ ഏറ്റവുംവലിയ വീഴ്ചയാണിത്. 50 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായി സെപ്റ്റംബറില്‍ യാഹൂ വെളിപ്പെടുത്തിയിരുന്നു.