കൊളംബോ: ശ്രീലങ്കയിൽ ഇനി രാജപക്സെ കുടുംബത്തിന്റെ ഭരണം. 225 അംഗ പാർലമെന്റിലേക്ക് ബുധനാഴ്ചനടന്ന തിരഞ്ഞെടുപ്പിൽ 145 സീറ്റ് ഒറ്റയ്ക്ക് സ്വന്തമാക്കിയാണ് മഹിന്ദ രാജപക്സെ നേതൃത്വം നൽകുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി (എസ്.എൽ.പി.പി.) അധികാരത്തിലെത്തിയത്. അടുത്തയാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുന്നതോടെ പ്രധാനമന്ത്രിസ്ഥാനത്ത് മഹിന്ദയ്ക്കിത് നാലാം ഊഴമാണ്. പ്രസിഡന്റായി മഹിന്ദയുടെ സഹോദരൻ ഗോതാബയയും തുടരുന്നതോടെ രാജ്യത്തിന്റെ നിയന്ത്രണം ഒരുകുടുംബത്തിലേക്ക് കേന്ദ്രീകരിക്കുകയാണ്.

2015-ൽനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടുതവണ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്സെ വലിയ തോൽവി ഏറ്റുവാങ്ങിയപ്പോൾ തന്ത്രശാലിയായ ഈ നേതാവിന്റെ രാഷ്ട്രീയഭാവിതന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു. എൽ.ടി.ടി.ഇ.ക്കെതിരേ നടത്തിയ കിരാതമായ സൈനികനടപടികളാണ് അന്നദ്ദേഹത്തിന് തിരിച്ചടിയായിരുന്നത്. അന്താരാഷ്ട്രസമൂഹം അത്രയേറെ ഗൗരവത്തിലായിരുന്നു അന്നത്തെ സൈനികനടപടികൾ ചർച്ചചെയ്തത്.

ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞസമയംകൊണ്ട് ഒരു പാർട്ടി രാജ്യത്ത് വലിയവിജയത്തോടെ അധികാരത്തിലെത്തുന്നത്. എസ്.എൽ.പി.പി.യുടെ സഖ്യകക്ഷികളും അഞ്ചുസീറ്റിൽ വിജയം നേടിയതോടെ സഖ്യത്തിന് മൂന്നിൽരണ്ട് ഭൂരിപക്ഷം ഉറപ്പായി. ഭരണഘടനയിൽ ഭേദഗതിവരുത്താൻവരെ പാർട്ടിക്കാവും. പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറച്ച ഭരണഘടനാഭേദഗതി മാറ്റാൻ അവസരം കാത്തിരിക്കുകയായിരുന്നു ഗോതാബയ രാജപക്സെ.

ആകെ സീറ്റ്: 225

* ശ്രീലങ്ക പീപ്പീൾസ് പാർട്ടി: 145 സീറ്റ്, സഖ്യകക്ഷികൾ: അഞ്ച് സീറ്റ്. മൂന്നിൽരണ്ട് ഭൂരിപക്ഷം. എല്ലാ ജില്ലകളിലും പാർട്ടിസ്ഥാനാർഥികൾക്ക് വൻ ഭൂരിപക്ഷം. പാർട്ടിക്ക് ലഭിച്ചത് ആകെ പോൾചെയ്തതിന്റെ 59.9 ശതമാനം വോട്ട്.

* പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു.

* റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് (യു.എൻ.പി.) ആകെ രണ്ടുശതമാനം വോട്ടും ഒരു സീറ്റുംമാത്രം, വലിയ തിരിച്ചടി, അഞ്ചാംസ്ഥാനത്ത്. വിക്രമസിംഗെ കൊളംബോയിൽ പരാജയപ്പെട്ടു. പാർട്ടി പലയിടത്തും നാലാംസ്ഥാനത്തായി.

* യു.എൻ.പി. പിളർത്തി സജിത് പ്രേമദാസ രൂപവത്‌കരിച്ച എസ്.ജെ.ബി.ക്ക് 23 ശതമാനം വോട്ടും 55 സീറ്റും.

* തമിഴ് നാഷണൽ അലയൻസിന് 10 സീറ്റ്.

* മാർക്സിസ്റ്റ് ജെ.വി.പി.ക്ക് മൂന്നുസീറ്റ്.

* മാർച്ച് രണ്ടിനാണ് കാലാവധി പൂർത്തിയാകുംമുമ്പ് പ്രസിഡന്റ് ഗോതാബയ രാജപക്സെ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, കോവിഡ് വ്യാപനംമൂലം വോട്ടെടുപ്പ് നീണ്ടു.

Content Highlights: Mahinda Rajapaksa Sri Lanka