ബെയ്ജിങ്: മഹാത്മാഗാന്ധി ഇന്ത്യൻ ജനതയെ പ്രചോദിപ്പിക്കുക മാത്രമല്ല, ലോകത്തിന് വിലമതിക്കാനാവാത്ത ആത്മീയപാരമ്പര്യം സമ്മാനിക്കുകയും ചെയ്തതായി ചൈന. സുഖവും ദുഃഖവും പങ്കുവെച്ച് ഒരേവഴിയിൽ നീങ്ങുന്ന യാത്രികരാണ് ഇന്ത്യയും ചൈനയുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ വലിയ സംഭാവനകളാണ് ഗാന്ധിജി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധിജിയും മാവോയും

സമകാലികരാണ് മഹാത്മാഗാന്ധിയും ചൈനീസ് സ്വാതന്ത്ര്യസമരനേതാവ് മാവോ സെതൂങ്ങുമെങ്കിലും വിശ്വസിച്ചുപോന്ന ആശയസംഹിതകളിൽ വിരുദ്ധചേരികളിലായിരുന്നു ഇരുവരും. സത്യവും അഹിംസയുമായിരുന്നു ഗാന്ധിജിയുടെ വഴിയെങ്കിൽ അക്രമങ്ങളിലൂന്നിയ സ്വാതന്ത്ര്യപ്പോരാട്ടത്തിലായിരുന്നു മാവോയ്ക്ക് വിശ്വാസം.

അഹിംസാപ്രസ്ഥാനവും ചൈനയും

അഹിംസയിലൂന്നിയ ഗാന്ധിജിയുടെ ആദ്യ സമരത്തിന് ചൈനയുമായി ബന്ധമുണ്ട്. 1906-ൽ ദക്ഷിണാഫ്രിക്കയിൽവെച്ചായിരുന്നു ഗാന്ധിജിയുടെ ആദ്യ അഹിംസാസമരം. ഏഷ്യൻ വംശജർക്കെതിരേ ദക്ഷിണാഫ്രിക്കയിലെ സാൻസിബർ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനുനേരെ ഗാന്ധിജിയുടെ നേതൃത്വത്തിൽനടന്ന സമരത്തിൽ പങ്കെടുത്തതിലേറെയും ചൈനീസ് വംശജരായിരുന്നു.

ചാവോയാങ് പാർക്കിലെ ഗാന്ധിപ്രതിമ

ചൈനയിലെ പ്രശസ്തമായ ഗാന്ധിസ്മാരകമാണ് ബെയ്ജിങ്ങിലെ ചാവോയാങ് പാർക്കിലെ ഗാന്ധിപ്രതിമ. പ്രശസ്ത ചൈനീസ് ശില്പി യുവാൻ ഷികുൻ നിർമിച്ച പ്രതിമ 2005-ലാണ് പാർക്കിൽ സ്ഥാപിച്ചത്.

Content Highlights: Mahathma Gandhi China