അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുർജീൽ ആശുപത്രിയിൽ ജർമൻ ന്യൂറോസർജൻ പ്രൊഫ. ഡോ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങുന്ന സംഘമാണ് നട്ടെല്ലിന് ശാസ്ത്രക്രിയ നടത്തിയത്. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.  യൂസഫലിയുടെ മരുമകനും ബുർജീൽ ആശുപത്രി ഉടമയുമായ ഡോ. ഷംസീർ വയലിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കൊച്ചിയിൽ ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് അബുദാബി രാജകുടുംബമയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി അബുദാബിയിലെത്തിയത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളും, മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിവിധ മതവിഭാഗങ്ങളിലെ ആത്മീയാചാര്യന്മാർ എന്നിവരടക്കമുള്ള രാഷ്ട്രീയ-സാമൂഹ്യ-വാണിജ്യ-മത രംഗത്തുള്ള പ്രമുഖർ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച് ആശംസകൾ നേർന്നു.

വിവരങ്ങളന്വേഷിച്ച എല്ലാവരോടും യൂസഫലിയും കുടുംബവും നന്ദിയറിയിച്ചു. ഏപ്രിൽ 13-ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

Content Highlights: MA Yusuf ali underwent successful surgery