ലണ്ടൻ: ബ്രിട്ടനിലെ ലണ്ടൻബ്രിഡ്ജിന് മുകളിൽ കഴിഞ്ഞദിവസം കത്തിയാക്രമണം നടത്തിയത് ഭീകരവാദക്കേസുകളിൽ നേരത്തേ ശിക്ഷിക്കപ്പെട്ട ഉസ്മാൻ ഖാൻ ‍(28) എന്ന ആളാണെന്ന് സ്കോട്‌ലാൻഡ് യാർഡ്. 2012-ൽ എട്ടുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ 2018-ലാണ് പരോളിൽ പുറത്തിറങ്ങിയതെന്നും ഭീകരവിരുദ്ധവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ നീൽബസു പറഞ്ഞു. ഭീകരാക്രമണത്തിൽപ്പെടുത്തിയാണ് കേസന്വേഷിക്കുന്നത്.

പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലണ്ടൻ ബ്രിഡ്ജിന്റെ വടക്കുവശത്തെ ഫിഷിമോംഗേഴ്സ് ഹാളിനുമുന്നിൽ ഉസ്മാൻ ഖാൻ കത്തിയുമായി ആക്രമണം നടത്തിയത്. ജനക്കൂട്ടം ഭയന്നോടുമ്പോഴും ഇയാൾ ആക്രമണം തുടർന്നു. ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു.

വിവരമറിഞ്ഞ് രണ്ടുമിനിറ്റിനകം പോലീസ് സ്ഥലത്തെത്തി. തുടർന്ന് ജനക്കൂട്ടം തടഞ്ഞുവെച്ച പ്രതിയെ വെടിവെച്ചുവീഴ്ത്തി. നിരീക്ഷണത്തിനുള്ള ഇലക്‌ട്രിക് ടാഗ് ധരിക്കണമെന്ന വ്യവസ്ഥയിലാണ് ഇയാളെ ജയിൽമോചിതനാക്കിയതെന്നാണ് റിപ്പോർട്ട്. ടാഗ് ധരിച്ചിരുന്നെങ്കിൽ പോലീസിന് ഇയാളെ കൃത്യമായി പിന്തുടരനാവും. ഇയാൾ താമസിച്ച സ്റ്റോഫോഡിലടക്കമുള്ള സ്ഥലങ്ങളിൽ പോലീസ് പരിശോധന തുടരുകയാണ്.

അതേസമയം, ആക്രമണത്തിനുപിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കേംബ്രിജ് സർവകലാശാലയിലെ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറേപ്പേർ പങ്കെടുത്ത പരിപാടിക്കിടെ ഒരു ഹാളിൽനിന്നാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉസ്മാൻ ഖാൻ എന്തിനാണ് ഇവിടെ എത്തിയതെന്നും ആക്രമണത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.

ഭീകരാക്രമണമുണ്ടായപ്പോൾ പോലീസും ജനങ്ങളും കാണിച്ച ധൈര്യത്തെ വാഴ്ത്തുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ലണ്ടൻ മേയർ സാദിഖ് ഖാനും. അതേസമയം, കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഭീകരരെ ശിക്ഷകഴിയാതെ തടവിൽനിന്ന് മോചിപ്പിക്കുന്നതിനെക്കുറിച്ച് പുനരാലോചന വേണമെന്നും ഭീകരവാദക്കേസിൽ അറസ്റ്റിലായ ആൾ പുറത്തിറങ്ങി വീണ്ടും ആക്രമണം നടത്തുന്നത് ഗൗരവമായിത്തന്നെ കാണണമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

ഉസ്മാൻ ഖാൻ

യു.കെ.യിൽ ജനിച്ച ബ്രിട്ടീഷ് പൗരനാണ് ഉസ്മാൻ ഖാൻ. കൗമാരകാലം അമ്മയോടൊപ്പം ചെലവിട്ടത് പാകിസ്താനിൽ. സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. രോഗബാധിതയായിരുന്നു അമ്മ. തുടർന്ന് ലണ്ടനിൽ തിരിച്ചെത്തി. അൽഖ്വയ്ദ ഭീകരസംഘടനയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് ആ വഴിയിലേക്ക് തിരിഞ്ഞത്. 2010ൽ ലണ്ടനിൽ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയകേസിൽ ഒമ്പതുപേർക്കൊപ്പം അറസ്റ്റിലായി. ലെറ്റർബോംബ് ആക്രമണം നടത്താനായിരുന്നു ഇവരുടെ ഗൂഢാലോചനയെന്ന് പോലീസ് കണ്ടെത്തി. ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും അന്ന് ലണ്ടൻ മേയറുമായിരുന്ന ബോറിസ് ജോൺസന്റെയും യു.എസ്. എംബസി, സ്റ്റോക്ക്‌ എക്സ്ചേഞ്ച് എന്നീസ്ഥാപനങ്ങളുടെയും വിലാസങ്ങൾ അന്ന് പ്രതികളിലൊരാൾ ഡയറിയിൽ സൂക്ഷിച്ചിരുന്നു. ‘ആപത്കാരിയായ ജിഹാദി’ എന്നാണ് ഇയാളെ കോടതി വിശേഷിപ്പിച്ചത്. പൊതുജനത്തിന് ഭീഷണിയായ ഇയാളെ മോചിപ്പിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

content highlights: London Bridge terrorist was convicted in 2012 for PoK terror training camp plans